ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

ഒരു സർഗനോവിന്റെ പരിണിതി / ഹസൻ സഖാഫി ചിയ്യൂർ (സോൺ ചെയർമാൻ)





ഈ ഈ മാഗസിൻ കുറെയേറെ നോവുകളുടെ പര്യന്ത സുഖമാണ്‌. മുഷിഞ്ഞ കാത്തിരിപ്പിന്റേയോ ഉപേക്ഷിച്ചു പോകാമെന്ന തലത്തിലെത്തിയ കടുത്ത വൈഷമ്യത്തിന്റെയോ ഒക്കെ അറുതി ഇപ്പോൾ ശുഭകരമായിമായിരിക്കുന്നു. ഒരിക്കൽ മാത്രം ഒരു നേരത്ത്‌ സംഭവിച്ച ആകസ്മികതക്ക്‌ ഇത്ര ആസ്വാദ്യത കിട്ടില്ല. സഹനത്തിന്റെ അങ്ങേയറ്റത്തെ നിലവാരപ്പൊലിമക്കനുസരിച്ച്‌ മനസ്സുഖത്തിന്റെ മാറ്റും വർദ്ധിക്കും. ഒരു കുഞ്ഞ്‌ ജനിക്കുന്നതിന്‌ പിന്നിലെ സന്തോഷം വേദനയിൽ നിന്നു തന്നെയല്ലേ? വേദനിക്കുമ്പോൾ ആഹ്ളാദിക്കുന്നതും വേദന വന്നില്ലെങ്കിൽ മനസ്സു വേവുന്നതും കരയുമ്പോൾ സമാധാനമാകുന്നതും ലോകത്ത്‌ കുഞ്ഞിന്റെ ജനന സമയത്ത്‌ മാത്രമാണ്‌. ഇത്തരം വേദനകളെ താലോലിക്കുമ്പോഴേ ന?യിലും ചിരിയിലുമൂന്നിയ ഫലസിദ്ധി സാർഥകമാകുന്നുള്ളൂ. മനുഷ്യജീവിത സങ്കല്പത്തിന്റെ ആത്യന്തിക തലം തന്നെ ഈ സുഖാസ്വാദനമാണ്‌. ആത്മീയ ആലോചനയിലും അവസാനിക്കാത്ത ഒരു സ്വർഗീയതയെത്തേടിയുള്ള യാത്ര കാണാം. നോവുകളുടേയും ബന്ധനങ്ങളുടേയും രീതിശാസ്ത്രമാണ്‌ ഭൗതിക ലോകത്തിലനുവദിച്ച ഈ വിശ്രമസമയമെന്ന്‌ വരെ പാഠങ്ങളുണ്ട്‌. ഒരു പ്രയാസത്തിനോടൊപ്പം എളുപ്പമുണ്ടാകുമെന്നും ഖുർആൻ പകർന്നു തരുന്നുണ്ട്‌. പ്രതിപ്രവർത്തനമോ അനന്തരഫലമോ ആയ നിലയിൽ പകരത്തിനു പകരം സംഭവിക്കുന്ന യാന്ത്രികതയാണീ മാറ്റങ്ങളെന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ വയ്യ. മറിച്ച്‌ ചിലനോവുകൾക്ക്‌ ഗോചരമായതോ അനുഭവവേദ്യമായതോ ആയ സുഖങ്ങൾ കണ്ടില്ലെന്ന്‌ വരുന്നത്‌ അങ്ങനെയാണ്‌. അല്ലെങ്കിൽ ചിലർ ബാഹ്യത്തിൽ സുഖിച്ചുകൊണ്ടേയിരിക്കുന്നു എന്നു കരുതാനിടയാക്കുന്നതും ഈ സംതുലിതത്തിന്റെ അർത്ഥതലം ഉൾക്കൊള്ളാൻ കഴിയാത്തുമ്പോഴാണ്‌.
ഇത്തരം ഉള്ളുരുക്കങ്ങളുടെ മൂശയിൽ ഉരിത്തിരിഞ്ഞെടുക്കപ്പെടുന്നതാണ്‌ ഒരു സർഗ സൃഷ്ടി എന്നു പറയുന്നത്‌. ഇവ ഒരിക്കലും ഉണ്ടാവുന്നില്ല അല്ലെങ്കിൽ വാർത്തക്കപ്പെടുന്നുമില്ല എന്നു അഭിപ്രായമുയരാൻ കാരണവും ഈ ഉയിരാണ്‌. മനസ്സുകത്തലിനെത്ര വെളിച്ചം കൂടുന്നുവോ അത്രയും തെളിച്ചം പുറത്തുവരുന്ന സൃഷ്ടിക്കും കൈവരും. ചില ഊശാൻ മാരൊക്കെ പത്തു മാസത്തിനുപകരം ഇരുപതോ മുപ്പതോ മാസം വയറ്റിൽ കിടന്നു പുറത്തിറങ്ങിയിരുന്നെങ്കിൽ കാലത്തെ വശം കെട്ടതാക്കാൻ ആളു കുറഞ്ഞേനേ എന്ന്‌ ആശിച്ചാലൊക്കെ നന്നു, ഇവനെ പേറി നടക്കുന്ന പേറ്റുകാരത്തിയുടെ നാളുകൾ ചുവക്കുന്നത്‌ വായിക്കാനാവണം. കടുത്ത ഫലമാണ്‌ ലഭിക്കുന്നതെങ്കിലും നോവിന്റെ കാലഗണന അപ്രസകതമാകും, അമ്മയെത്ര അപലയാണെന്നിരുന്നാലും അങ്ങനെത്തന്നെ. സഹിയുടെ സഹ്യനെ സ്വപനം കാണാത്തവനെങ്ങനെ ഇത്തരമൊരു നല്ല ഫലം നെയ്തെടുക്കാനാവും.
ഒരു കലാ സൃഷ്ടി പിറക്കുമ്പോൾ ഒന്നല്ല ഒരായിരമല്ല അവ ഉപയുക്തമാക്കുന്നത്രയും ജനനം നടക്കുന്നുണ്ട്‌. ഞാനെന്റെ കവിത എഴുതുന്നു, നിങ്ങൾ നിങ്ങളുടെ കവിത വായിക്കുന്നു എന്നു പറയുന്നത്‌ അത്‌ കൊണ്ടാണ്‌. ഉൾക്കാമ്പും ഇതിവൃത്തവും വരച്ചിടാനേ എനിക്കൊക്കൂ. വായനക്കാർക്കാണ്‌ അതിൽ സൃഷ്ടി നടത്താനുള്ള കഴിവുള്ളതെന്ന്‌ പ്രഗത്ഭമതിൾ അടിയറവു പറയുന്നതും ചെറുതാവലല്ല. വാനനയുടെ സൃഷ്ടിപരത വരച്ചിട്ട്‌ തരുകയാണ്‌.
സ്നേഹം കമ്പിയും ഉപമയുമായി വരച്ചിടുന്നതിനെ സ്നേഹത്തിന്റെ അർത്ഥതലങ്ങളിലേക്കെത്തിക്കുന്നത്‌ വായനക്കാരാണ്‌. കാലത്തെ മുന്നോട്ടും പിന്നോട്ടും പലയാവർത്തി നയിക്കാനും ഒപ്പം നിലക്കാനും ഒരേ സമയം സാധ്യമാകുന്ന മാധ്യമം വായന തന്നെ. ഓരോ വായനയിലും എഴുത്തിന്റെ പങ്ക്‌ അനിർവ്വചനീയമല്ലോ. ചലിക്കുന്ന ചിത്രത്തേക്കാൾ തലമുറകളോട്‌ വാചാലമാകുന്നത്‌ നിശ്ചല ദൃശ്യങ്ങളാണെന്നതിൽ പക്ഷാന്തരമില്ല. ചലിക്കുന്നവക്ക്‌ കൂടെപ്പോരാൻ കഴിയില്ല, മറിച്ച്‌ അനുവാചകർ ഒപ്പം സഞ്ചരിച്ചിരിക്കണമെന്ന നിർബന്ധമുണ്ട്‌. അച്ചടിക്ക്‌ അങ്ങനെയല്ല നാം ഒപ്പം പോയാലും ഇല്ലെങ്കിലും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നതാണ്‌. ഞൊടിയിടയിൽ വേണമെങ്കിൽ അങ്ങനെയും അർദ്ധവിരാമത്തിനവസരമെത്തിയാൽ അതിനും സമ്മതമാണ്‌ നിശ്ചലത്തിന്‌. വായനയുടെ ഉള്ളുണർത്തൽ അനുവാചകനെ പരിഗണിച്ചാണെന്ന്‌ ഇതിൽ നിന്ന്‌ നമുക്ക്‌ സംഗ്രഹിക്കാം.
ചില പര്യവസാനിക്കാത്ത നോവുകളും സർഗ രംഗത്ത്‌ സംഭവ്യമാണ്‌. പേറാൻ മാത്രം പാകതയും പെറാൻ ത്രാണിയുമില്ലാത്തതിനാലാണ്‌ ഇത്‌ എന്ന്‌ നിഗമനത്തിലെത്താൻ വരട്ടെ, വരാത്ത സൃഷ്ടിയുടെ മൂർച്ചയാണെന്ന കണ്ടെത്തലാണ്‌ അഭികാമ്യം. ഒരു കൂട്ടർ നീറാനും അപരർ ആസ്വദിക്കാനും മാത്രമുള്ളതാണെന്നത്‌ മിഥ്യയാണ്‌. അകം പൊള്ളലുകളും ജീവിതത്തിനായുള്ള ജനനവും സംഭവിച്ചവർക്ക്‌ ഈ വിഷയത്തിൽ സാധനവേണ്ടതുണ്ട്‌. കൂലിയെഴുത്തെന്നൊക്കെ കളിപ്പേരിട്ടാലും പേനയുന്തിയെന്നിരട്ട വിളിച്ചാലും മഷി വറ്റാത്തിടത്തോളം നോവുകൾ പെരുകും, സൃഷ്ടികൾ ജനിക്കും.
വിയർ ക്കുന്നവനും മണ്ണിന്റെ മണമുള്ളനും മാത്രം വഴങ്ങുന്ന തൊഴിൽ എന്നൊരു ഖ്യാതി സർഗ പ്രവർത്തനത്തിനു അനുഭവങ്ങൾ വേണമെന്ന നിദാനത്തിൽ ഉടക്കിയാണ്‌ ലഭിച്ചത്​‍്‌. അനുഭവങ്ങളെപ്പകർത്തുമ്പൊഴാണല്ലാ മനസ്സിന്റെ വിങ്ങലുകളോ സുഖങ്ങളോ കടലാസിനു ഇമ്പം നൽകുന്നുള്ളൂ.
വേഷപ്പകർച്ചകളേയും പരീക്ഷണങ്ങളേയും ഈ രംഗത്തും കാണാതിരുന്നു കൂടാ. ലക്ഷ്യം ധർമ്മമാകുമ്പോഴേ കലക്ക്‌ മൂല്യം വരുന്നുള്ളൂ. കലാ മുഖത്തെ വികൃതമാക്കി സത്യത്തെ മറക്കുന്നവർക്ക്‌ മാർഗമേതായാലും പശിയടങ്ങാനുള്ളതൊത്താൽ മതിയെന്ന ലാഘവം കാണാം. വിവിധ ശാഖകളിൽ വെളിച്ചം കാണാൻ കാത്തിരിക്കുന്ന പിന്നണി പ്പെരുമ നാം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പേനെയേടുക്കുക,. ഒരു സർഗനോവ്‌ പേറാൻ.

തൗഹീദ്‌ വന്ന വഴി / അബ്ദുല്ല വിളയിൽ


അയച്ചു,
ജഗദീശരനൊരുനാൾ തൻ പ്രതിനിധിയായ്‌ മണ്ണിൽ
ആദ്യ പിതാവായാദം അതിമാനിഷൻ
പ്രതിഭാജ്ഞാനിയായ്‌
ആജ്ഞ,
ആദമേ പൊവുകയുലകിൽ പേരുകേട്ട
മുതുകത്തിലൂടെ മാനവർ
ഓതിക്കൊടുത്തവർക്ക്‌ സുന്നിസം
ഉയരട്ടെയെൻ നാമമീ
ബ്രഹ്മാണ്ഡ കഠാഹമിൽ

തുടക്കം,
തുടക്കമായങ്ങനെയീ തൗഹീദന്ന്‌ പിതാവിലൂടെ
തുടർച്ചയായച്ചൂ നാഥൻ
പ്രവാചക സതീത്ഥ്യരെ
നിഷേധിപ്പാനായൊരു കൂട്ട
മാട്ടിയോടിക്കുന്നൊരു, മാർത്ത്‌
കൂകിയോടുന്നോർ

കല്ലെറിഞ്ഞവരന്നീ തൗഹീദിൻ ധർമ്മ-
വിപ്ലവാശ്വ പ്രയാണത്തെ
കരുത്തോടതിജീവിച്ചെല്ലാമാർജ്ജിച്ചു
സുന്നികൾ കരുത്തായ്‌..
നിരത്തി
നിഷേധികൾക്കായി മഹദ്‌ ദൃഷടാന്തങ്ങൾ
പ്രവാചകർ
നിരസിച്ചവരിലേറെയും നിരന്തരം ഹിദായത്തിൻ
ഭാഗ്യം പോരാ..

ഈ സുന്ദരദൃശ്യ ജ്ഞാനവും
മഹാമാരിക്ക്‌ ചികിൽസയും
മൂസതൻ കടിയതും സ്വാലിഹിന്നത്യത്ഭുത
മാമൊരൊട്ടകം
നൂഹിന്റെ നൗകയുമിബ്‌ റാഹിമിൻ തന്ത്രങ്ങളും
മുഹമ്മദിൻ മന്ത്രങ്ങളും തീർത്തു ചരിതമവനിയിൽ

പ്രവാചകമുത്തുമാലതന്നന്ത്യത്തിലായ്‌
കോർത്തു മുഹമ്മദിൻ
പ്രഭതൂകിടും നാമമീയുലകിന്നനുഗ്രഹവെളിച്ചമായ്‌
പൂർണ്ണ സമ്പുഷ്ടമാണീ വിശുദ്ധ ഇസ്‌ ലാമു മുഹമ്മദാൽ
പൂത്തുലഞ്ഞു പാരിൽ ദീനിൻ
ധവള ധർമ്മ പതാകകൾ

നയിച്ചു
ശേഷമീ വൃന്ഥത്തെ പുണ്യാനുയായികളാം ഖലീഫമാർ
നല്ലൊരിമാമുമാർ മുഹഖ്ഖിഖോരള്ളാവിൻ ഇഷ്ട ദാസൻ മാർ
ശാഫിയും ഹമ്പലും മാലികും അബൂ ഹനീഫ്‌
സൃഷ്ടാലുക്കൾ വിജ്ഞാന സാഗരം
നീന്തിക്കടന്നവർ

പണ്ഡിത ശ്രേഷ്ടരെത്തി ഏറ്റുവാങ്ങിയീ
വിപ്ലവക്കൈത്തിരി
പകലന്തിയശ്രാന്ത യാഗം നടത്തിനാർ
ദീനിനെ പഠിപ്പിച്ചവർ വളർന്നു പന്തലിച്ചു

സുന്നിസമീ ഭൂമിക, പുളകിതമായി
വിശ്വധാർമ്മിക മാറ്റത്തിൻ തലോടലാൽ
വരുന്നു,
പ്രതിസന്ധിതന്നലമാലകൾ തീർത്തു
പ്രയാണ വീഥിയിൽ മഹാമതിൽ
പ്രതിയോഗിയായുയർത്തീ മുജ,ജമ,വഹ്ഹാബി
പ്രയാസമന്യേ പ്രതിരോധ നിരകളുയർത്തീ
കല്പ വൃക്ഷ നാട്ടിലെ പണ്ഡിതർ
വിജ്ഞാന ഭൂമിക താണ്ടിക്കടന്നവർ

ധീരരാം പതിയും മഹാ ഗുരവരാം പറവണ്ണ
പങ്ങിലുമീക്കേ വരക്കലും
ബാഫഖീ ശാലിയാത്തീ
ഗർജ്ജനം സഹിക്കമേലാതൊളിച്ചു ഹാ..!
പൊതുവാദഗതിക്കാരല്പജ്ഞാനികൾ
ഗളം തീർത്ത്‌ കാതോർത്തവരീ
കൊടുങ്കാറ്റടങ്ങിയോ

ഇന്ന്
ശാന്തഭാവവും കാന്ത ശക്തിയുമള്ളാവിൻ
ഭക്തിയുമായൊരേകാന്ത പഥികൻ
നയിക്കുമീയാദർശ പ്രവാഹമേ
ശാശ്വത സോപാനമാശിക്കുവോരേറുകി
പാശത്തിലെ
ശ്വാനന്മാർ കുരക്കട്ടെ
ധർമ്മ വിപ്ളവം ജയിച്ചിടും

പ്രവാസി / അബ്ദുൽ ലത്തീഫ് സീക്കോ


ഇവിടെ നിലാവുദിക്കാൻ
കാതങ്ങൾക്കപ്പുറത്ത്
കാണാക്കയങ്ങളിൽ ഒരു-
സൂര്യൻ കത്തിജ്വലിക്കണം.

ഇവിടെ കിനാവുണരാൻ
കനൽ പഥങ്ങൾ കടന്ന്
പകലാറുവോളം
വെയിലെരിയണം

ഇവിടെ വെളിച്ചം പരക്കുവാൻ
മെഴുകുതിരി പോൽ-
സ്വയം ഉരുകുമ്പോഴും
കെടാതിരിക്കണം.

പാളിപ്പോയ തന്ത്രം / മറിയം റസാന-ബുഖാരി സ്കൂൾ കൊണ്ടോട്ടി



പണ്ട് പണ്ട് കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. ഒരു ദിവസം കുറുക്കൻ തീറ്റ തേടി കാട്ടിലൂടെ നടക്കുകയായിരുന്നു. അബദ്ധത്തിൽ കുറുക്കന്റെ വാൽ ഒരു കെണിയിൽ കുടുങ്ങി. കുറുക്കൻ വാൽ വലിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷെ തന്റെ വാൽ മുറിഞ്ഞു പോകുകയാണുണ്ടായത്. കുറുക്കന് വലിയ സങ്കടമായി. ഞാൻ ഇനി എങ്ങനെ എന്റെ കൂട്ടുകാരുടെ അടുത്ത് പോകും? കുറുക്കൻ ദു:ഖത്തോടെ ആലോചിച്ചു. അപ്പോൾ കുറുക്കന്റെ മനസ്സിൽ ഒരു ഉപായമുദിച്ചു. കുറുക്കൻ തന്റെ കൂട്ടുകാരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു. എല്ലാവരും നോക്കൂ ഞാൻ എന്റെ വാൽ മുറിച്ചു കളഞ്ഞത് കണ്ടില്ലേ..! നിങ്ങളും ചെയ്ത് നോക്കൂ. ഈ വാലു കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിങ്ങളും ഇത് പോലെ ചെയ്തു നോക്കൂ. നല്ല സുഖമായിരിക്കും. അത് കേട്ട് മറ്റു കുറുക്കന്മാർ ആർത്തു ചിരിച്ചു. നിനക്ക് പരിയ അമളി മറച്ചു വെക്കാൻ ഉള്ള തന്ത്രം . പക്ഷെ ഞങ്ങൾ മണ്ടന്മാരല്ല്ല. കുറുക്കൻ നാണിച്ചു തല താഴ്ത്തി ഓടി.

ഞാൻ തൊട്ടറിഞ്ഞ മാസം / ബാബു അൽ ബാദിയ


ആത്മാവിനേയും ശരീരത്തേയും ശുദ്ധീകരിക്കുകയും മറ്റുള്ളവരുടെ വിശപ്പ് തന്റേത് കൂടിയാണെന്ന് അറിയുകയും ചെയ്യുന്ന മാസമാണ് റമദാൻ. പരിശുദ്ധ ഖുർ ആൻ ഭൂമിയിലേക്ക് ഇറക്കി മനുഷ്യർക്ക് നല്കിയ ഏറ്റവും വലിയ വരദാനമാണ് റമളാൻ. അത് പോലെ സക്കാത്തും നിസ്കാരവും ഇസ് ലാം വിശ്വാസത്തിന്റെ പഞ്ചസ്തംഭങ്ങളിൽ നിഷ്കർഷിതമാണ്. ദാനം ധനത്തെ ക്ഷയിപ്പിക്കുകയല്ല മറിച്ച്, ഉള്ളവൻ ഇല്ലാത്തവന്  നല്കുമ്പോഴുണ്ടാകുന്ന് കുളിർമയാണ് ഈ മാസം നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ഭൗതിക സുഖങ്ങൾ മാറ്റിവെച്ച് ലോകത്തെമ്പാടുമുള്ള സത്യവിശ്വാസികൾ ധർമ്മവും ദാനവും നിർവ്വഹിച്ചു പ്രാർത്ഥനാ നിർഭരമായ ഇത്രയും നല്ല മാസം നമ്മുടെ മുന്നിൽ. ഗുണങ്ങളേറെ തൊട്ടറിഞ്ഞ ഈ വിശിഷ്ട മാസം വിട പറയാതെ നിന്നിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോകുന്നു.

പ്രവാസം / ലുഖ്മാൻ വിളത്തൂർ



അചിരാകാശത്തിന്റെ അകുടകോണിൽ
കല്ലിച്ച സ്വപ്നങ്ങളും മെല്ലിച്ച്‌ ജീവിതവും
ചാലിച്ച്‌ അകുസുമിതാഗ്രഹങ്ങളാൽ
വാർന്നു വാർന്നു പാർക്കുന്നവൻ.!

അതികൃതാദ്ധ്വാനത്തിന്റെ ചക്രരാത്രങ്ങളിൽ
കൂട്ടിക്കിഴിച്ച യൗവ്വനവും കണ്ട കിനാക്കളും
തോന്നിച്ച
അക്രീതാനിഭവങ്ങളാൽ
പേർത്തും പേർത്തും ഉരുകുന്നവൻ.! 

അപവർത്തമാനത്തിന്റെ പെരുത്ത ചിത്രങ്ങളിൽ
അകം പൊള്ളിച്ച തേങ്ങലും
ക്ലാവു പിടിച്ച ഓർമ്മകളും
നിറച്ച്‌
കടുത്ത അതിമാനങ്ങളാൽ
വീ ർത്തു വീ ർത്തു പൊട്ടുന്നവൻ.! 

അലകേട്ടോടിപ്പോന്നയെന്റെ
അടർന്ന ഇന്നലെകളിൽ
കൊരുത്ത പ്രതീക്ഷയും
കവർന്ന നൽനാളുകളും
സഹിച്ച്
അഗതവാനിന്റെ മഴക്കാറുകൾക്കായ്
അർപ്പിച്ചുറച്ചു തേടുന്നവൻ.!

സൃഷ്ടികൾ ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തികൾ തുടങ്ങി നിങ്ങളെടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..!
ഇമെയിൽ:
rscdmmculturalcouncil@gmail.com

വിട /

 
പുണ്യമാസമേ
നീ വിട പറയുന്നുവോ
ഇനി നീ വരുമ്പോഴെൻ
ഉയിരുണ്ടാകുമോയീ ഉലകിൽ
നിന്നെ സാക്ഷിയാക്കി നാഥനിൽ
സമർപ്പിച്ച പാപഭാരക്കെട്ടുകൾ
നിൻ പകലുകളിൽ ആമാശയത്തിന്രെ
ആശകളകറ്റിയും
ഇരവുകൾ കണ്ണീരൊലിപ്പിച്ച
നിൻ ദിനരാത്രങ്ങൾ
റഹ് മത്തും, മഗ്ഫിറത്തും, ഒടുവിൽ ഇത്ഖും
രണഭൂവിൽ സത്യം ജയിപ്പിച്ച ബദ് റും
അതിഥിയായെത്തിയ നീയിന്നലെ
ഇന്നിതാ പടിയിറങ്ങുന്നു.
തന്നില്ല ഞാനൊന്നുമെന്നാലും
വരണമിനിയുമൊരുപാട് വട്ടമെൻ
ആശ തീരു വോളം

മാണിക്യം / അബൂ തബ്ശീകർ-ദമ്മാം


ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. അലാവിദ്ദീൻ കഥകളിലെ തിളങ്ങുന്ന കല്ലുകൾ നിറഞ്ഞ താഴ്വാരം. കാഴ്ചകൾ കണ്ടദ്ദേഹം മുന്നോട്ട് നടന്നു. ദൂരെ കുന്നിൻ മുകളിലുള്ള വഴികളിൽ ധാരാളം യാത്രക്കാർ ഒറ്റക്കും കൂട്ടമായും നീങ്ങുന്നുണ്ട്. ചെറുതും വലുതുമായ കല്ലുകളും മുത്തുകളും അമൂല്യങ്ങളാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാവരും സ്വന്തം കുട്ടകളിൽ നല്ല കല്ല് നോക്കി പെറുക്കിയിടുന്നുണ്ട്. എനിക്കും ഒരു കുട്ട നിറച്ച് കൊണ്ടു പോകണം. നാട്ടിലെത്തിയാൽ പിന്നെ അദ്ധ്വാനിക്കാതെ കഴിയാമല്ലോ. അദ്ദേഹം മനസ്സിൽ കരുതി. സാരമില്ല. ഇനിയും സമയമുണ്ടല്ലോ. കുന്നിൻ മുകളിലേക്ക് നോക്കി പറഞ്ഞ് കൊണ്ടദ്ദേഹം നടന്നു. നയനാന്ദകരമായ കാഴ്ചകൾ കണ്ട് നീങ്ങവെ അയാൾ പെട്ടെന്ന് കുന്നിൻ മുകളിലെത്തി. ‘അതെന്താ ഒറ്റക്കല്ല് പോലും ഇവിടെയില്ലല്ലോ.!’ എല്ലാവരുടെ തലയിലും നിറഞ്ഞ കുട്ടകൾ നോക്കിയദ്ദേഹം അസൂയ പൂണ്ടു. താഴ്വാരത്ത് നിറയെ രത്നങ്ങളുണ്ടായിരുന്നല്ലോ. തിരിച്ചോടാൻ വേണ്ടി രണ്ടടി വെച്ചതും ഒരു ഭയങ്കര സർപ്പം മുന്നിലേക്ക് വീണതും ഒരുമിച്ച്.
അല്ലാഹ്...അലറിക്കൊണ്ടദ്ദേഹം ചുറ്റും തപ്പിനോക്കി. റൂമിൽ വിയർത്തു കുളിച്ച് ഞെട്ടിയുണർന്നപ്പോൾ സ്ഥലകാല ബോധമില്ല. ഞാൻ കണ്ട സ്വപനമായിരുന്നു മനസ്സ് മുഴുവനും. ഇന്നലത്തെ തർബിയ ക്ലാസ്സിലെ ഉസ്താദിന്റെ വാക്കുകൾ മനസ്സിലേക്ക് വന്നു. റമദാനിലെ സല്ക്കർമ്മങ്ങൾ അമൂല്യമാണ്. അത് പരലോകത്ത് ധാരാളം മടങ്ങ പ്രതിഫലത്തിനു കാരണമാകും. തന്റെ കൂട്ടുകാർ ധാരാളം സല്ക്കർമ്മങ്ങൾ കൊണ്ടു റമദാനിനെ വരവേറ്റു. പക്ഷെ റമളാനിലെ ഇത്രയും നാളുകൾ ഞാൻ പാഴാക്കിയല്ലോ..! കരഞ്ഞ് കൊണ്ട് വുളൂ ചെയ്ത് ഖുർ ആനിന്റെ  പേജുകൾ മറിച്ച് ഓതാൻ തുടങ്ങി.

ഫലിതം / അബൂ തബ്ശീർ-ദമ്മാം


ബസ്റ്റാന്റിൽ ബസ്സ് കാത്തിരിക്കുന്ന വിക്കുള്ള ഒരാൾ അപരിചിതനോട് ‘ കി..കി..കി....കിഴക്കോട്ട് എപ്പോഴാണ് ബസ്സ്’ അപരിചിതൻ അയാളുടെ മുഖത്തെക്ക് നോക്കി, അല്പം ഗൗരവത്തിലാണ്; ഒന്നും മിണ്ടിയില്ല. ചോദിച്ചയാൾക്ക് കലികയറി. ഒന്നു കൂടെ ഉച്ചത്തിൽ വീണ്ടും., ‘ നി..നി..നി.. നിനക്ക് നാ..നാ..നാ..നാവില്ലേ? അപ്പോഴും അയാൾ മൗനം വെളിഞ്ഞതേയില്ല. ഇത് കണ്ടു നിന്ന മറ്റൊരാൾ ചോദിച്ചു, ’നിങ്ങളെന്താ ഒന്നും പറയാതിരുന്നത്?‘ അറിയില്ലെങ്കിൽ അറിയില്ലെന്നു പറഞ്ഞാൽ പോരെ?’ എ..എ..എ..എന്നിട്ട് വേണം എ....എ...എ..എനിക്ക് അ..അ..അ..അടി കി..കി...കി...കിട്ടുന്നത് കാ..ക....ക്...കാണാൻ അ..അ....അ..അല്ലേ?

ശിഥിലമാകുന്ന ബന്ധങ്ങൾ / സ്വാദിഖ് സഖാഫി അൽ ജഫനി

ബന്ധങ്ങൾക്ക് ഇസ് ലാം നല്കിയ പ്രാധാന്യം ചെറുതല്ല. ബന്ധങ്ങളെ മൂന്നായി തരം തിരിക്കാം. കുടുംബ ബന്ധം, അയൽ ബന്ധം, കൂട്ടു ബന്ധം. മൂന്നിലെയും അറ്റു പോകുന്ന കണ്ണികളെ ബന്ധിപ്പിക്കാൻ ഇസ് ലാം ബന്ധശ്രദ്ധ പുലർത്തുനത് കാണാം. ഇതര ജീവികളിൽ നിന്ന് വ്യത്യസ്ഥമായി മനുഷ്യ ബന്ധങ്ങൾ വ്യക്തി ജീവിതത്തിന് അനിവാര്യമാണ്. ബലഹീനനായ മനുഷ്യൻ പരസ്പരം കടിച്ചു കീറുന്നത് ക്ഷന്ത്യവ്യമല്ല.
മാതാപിതാക്കൾ മക്കളോടും തിരിച്ചും എങ്ങനെ പെരുമാറണം , ഭാര്യ ഭർത്താവിനോടും തിരിച്ചും, അയൽ വാസി പരസ്പരവും കൂട്ടുകാരൻ അവരോടും എങ്ങനെ പെരുമാറണമെന്നതിൽ ഇസ് ലാമിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. നിസ്കാരവും നോമ്പും മാത്രമല്ല ചർച്ചാ വിഷയം. ബന്ധങ്ങളെ മുറിക്കുന്നവരെ ഏറ്റവും വലിയ പരാജിചതരായിട്ടാണ് അല്ലാഹു പറയുന്നത്.
കുടുംബ ബന്ധം മഹത്തായ ഒരു അനുഗ്രഹമാണ്. ഈ ബന്ധം ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്ത് ഇന്ന് കാണുന്ന തരത്തിലെ പാരസ്പര്യം പ്രതീക്ഷിക്കാനാവില്ല.മനുഷ്യൻ എന്തിനു കഷ്ടപ്പെടുന്നു? അവന്റെ ഒരു ചാൺ വയറിനു മാത്രം.! അങ്ങനെയല്ലല്ലോ. അവൻ അദ്ധ്വാനിക്കും അവന്റെ കുടുംബ ബന്ധം പുലർത്താനാണ്. ഭൂമിയിൽ എന്തെല്ലാം മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നു, . കുടുംബ സംവിധാനമില്ലാത്ത ലോകത്തിനു വേണ്ടി ഒരു പരീക്ഷണവും കാണുന്നില്ല.
വ്യവസ്ഥാപിത കുടുംബമില്ലാതെ ഒരു കൂട്ടം മനിഷ്യരെ പടച്ചു വിടാൻ അല്ലാഹുവിനു കഴിയില്ലായിരുന്നോ? തീ ർച്ചയായും സാധിക്കും. പിന്നെ എന്തിന് മാതാവ്. പിതാവ്, ഭാര്യ, മക്കൾ, എന്നിങ്ങനെയുള്ള രൂപത്തിൽ സൃഷ്ടിച്ചു.? അവിടെയാണ് കുടുംബ ബന്ധത്തിന്റെ പ്രസക്തി.

വമ്പ് / ഷാഹിദ് ശമീം വിളയിൽ

സ്കൂളിൽ മാഷിന്റെ കയ്യിൽ
നീളമുള്ള കമ്പ്
സ്കൂൾ വിട്ട് പൊരുന്നേരം
റോട്ടിലൊരു ഹമ്പ്
റോഡ് വിട്ട് കേറി വഴിയിൽ
പന്ത് പോലൊരു ബോംബ്
വാർത്ത കേട്ടു വന്നു പോലീസ്
കിട്ടിയില്ലൊരു തുമ്പ്
ഓടി വീട്ടിലേക്ക് ഞാനും
എല്ലാരെയും മുമ്പ്
ഉമ്മ വാരിത്തന്നെനിക്ക്
ഊണുമൊപ്പം ചേമ്പ്
ഊണു തിന്നുറങ്ങി ഞാനും
കണ്ടു വമ്പൻ പാമ്പ്
പാമ്പിനെ പിടിക്കുമെന്ന്
ചൊല്ലി ഞാനും വീമ്പ്