ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com



















വാർത്ത / പ്രകൃതി സംരക്ഷണം വിശ്വാസിയുടെ ബാധ്യത- ആർ.എസ്.സി


ദമ്മാം: മനുഷ്യന്റെ ആവാസ വ്യവസ്ഥിയെ തന്നെ താറുമാറാക്കും വിധം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു കൊണ്ടിരിക്കുകയാണ്. അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി സമ്പത്ത് സംരക്ഷിക്കേണ്ടത് ഓറോ മനുഷ്യരുടേയും ബാധ്യതയാണെന്ന് ആർ.എസ്.സി ദമ്മാം സോൺ സംഘടിപ്പിച്ച് വിചാരസദസ്സ് അഭിപ്രായപ്പെട്ടു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ മുറവിളി കൂട്ടുമ്പോഴും അടച്ചിട്ട സെമിനാറുകളിൽ ഒതുങ്ങുന്നതാവരുത് പ്രകൃതി സംരക്ഷണമെന്നത്. പ്രത്യുത സ്വന്തം തീന്മേശകളിൽ നിന്നും വീട്ടുപരിസരത്തു നിന്നും അത് പ്രാവർത്തികമാക്കേണ്ടതാണ് എന്ന് ആർ.എസ്.സി. ഓർമ്മിപ്പിച്ചു.

വെള്ളവും വെളിച്ചവും മാത്രമല്ല വായു പോലും വിലക്ക് വാങ്ങേണ്ട ഗതികേടിലേക്കാണ് സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. മണ്ണിനെയും പ്രകൃതിയേയും സ്നേഹിച്ച് പൂർവ്വ പ്രതാപത്തിലേക്ക് തിരിച്ച് പൊകേണ്ടത് അനിവാര്യമാണെന്ന് ആർ.എസ്.സി. അഭിപ്രായപ്പെട്ടു.

ഐ.സി.എഫ് നാഷണൽ ഉപാദ്ധ്യക്ഷൻ അബ്ദുറഹ്മാൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി. നാഷണൽ ടീൻസ് കോർഡിനേറ്റർ ലുഖ് മാൻ വിളത്തൂർ കീനോട്ട്സ് അവതരിപ്പിച്ചു. വിവിധ സാംസ്കാരിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് യൂസുഫ് അഫ്സലി(ഐ.സി.എഫ്), ഹമീദ് വടകര(കെ.എം.സി.സി) ഖിള്ർ മുഹമ്മദ് (സാമൂഹ്യ പ്രവർത്തകൻ) എന്നിവർ പങ്കെടുത്തു. സൊൺ കൾച്ചറൽ കൺ വീനർ ജ അ്ഫർ സ്വാദിഖ് സ്വാഗതവും സംഘടനാ കൺ വീനർ നൗഷാദ് വേങ്ങര നന്ദിയും പറഞ്ഞു.

ഈദുൽ ഫിത്വർ / സൈദ് സഖാഫി

മുസ് ലിംകളുടെ രണ്ട് ആഘോഷദിനങ്ങളാണ് ഈദുൽ അള്ഹയും ഈദുൽ ഫിത്വറും. ഒന്നാമത്തേതിന് ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുനാൾ എന്നും രണ്ടാമത്തേതിന് ചെറിയ പെരുന്നാൾ എന്നും പറയുന്നു.ഈ ദിനം ഒരു ആഘോഷ സുദിനമാക്കാൻ പ്രധാനകാരണമുണ്ട്. വിശുദ്ധ റമളാൻ മോചനത്തിന്റെ മാസമാണ് പശ്ചാതപിച്ചു പ്രാർത്ഥിച്ചു ആരാധനാനിരതമാകുന്ന വിശ്വാസികൾക്ക് പാപത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനത്തിന്റെ മാസം. അതിനു സമാപ്തി കുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ വരുന്നത്. അത് കൊണ്ട് തന്നെ അത്യധികം നന്ദി ബോധത്തോടെ യാണ് വിശ്വാസികൾ ഈ സുദിനത്തെ വരവേല്ക്കുന്നത്. തക്ബീ, ഫിത്വർ സക്കാത്ത്, പെരുന്നാൾ നിസ്കാരം, പ്രാർത്ഥന, ദാന ധർമ്മങ്ങൾ, കുടുംബ സന്ദർശനം. രോഗികളെ സന്ദർശിക്കൾ, സൗഹൃദം പുതുക്കൽ മുതലായവയാണ് അന്നത്തെ പ്രധാന ആരാധനകൾ, നന്ദി പ്രകടനങ്ങൾ.
ആഘോഷത്തിന്റെയു സന്തോഷത്തിന്റെയും ദിനമായ പെരുന്നാളിൽ നോമ്പെടുക്കൾ നിഷിദ്ധമാണ്. ആയിശ(റ)റിപ്പോർട്ട് ചെയ്യുന്ന ഒരു സംഭവം കാണുക. അൻസ്വാറുകളുടെ കുടുംബത്തില്പെട്ട രണ്ട് പെൺകുട്ടികൾ എന്റെ സമീപത്ത് നില്ക്കുമ്പോൾ അബൂബക്കർ(റ) കടന്നുവന്നു. ബു ആസ് യുദ്ധ ദിവസം അൻസ്വാറുകൾ ആലപിച്ച പാട്ട് പാടുകയായിരുന്നു ആ പെൺകുട്ടികൾ. അവർ അറിയപ്പെട്ട പതിവു ഗായകരായിരുന്നില്ല. അപ്പോൾ പിശാചിന്റെ ചൂളം വിളി അലാഹുവിന്റെ പ്രവാചകരുടെ വീട്ടിലോ? എന്ന് അബൂബക്കർ സിദ്ദീഖ്(റ) ചോദിച്ചു. അത് പെരുന്നാൾ ദിനത്തിലായിരുന്നു. റസൂൽ(സ) പറഞ്ഞു, ഓ.. അബൂബക്കർ എല്ലാ ജനവിഭാഗത്തിനും ഒരു ആഘോഷമുണ്ട്. ഇത് നമ്മുടെ ആഘോഷ ദിവസമാണ്(മുസ് ലിം)


ആഘോഷവും വിനോദവും കാട് കയറാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതര സമുദായങ്ങളുടെ ആഘോഷങ്ങളെ അന്ധമായി അനുകരിച്ച് സാംസ്കാരിക വ്യക്തിത്വം കളഞ്ഞു കുളിക്കാൻ പാടില്ല.മദ്യപാനവും ചൂതാട്ടവും സിനിമയും നാടകവും നിഷിദ്ധമാണെന്ന് മനസ്സിലാക്കിം നാം അതിൽ നിന്ന് ഒഴിഞ്ഞു നില്ക്കണം. പരിശുദ്ധ റമളാനിൽ നാം ഉണ്ടാക്കിയ ആത്മീയ ചൈതന്യം പെരുന്നാളോടു കൂടി നഷ്ടപ്പെട്ടു കൂടാ.
 റമളാൻ നമ്മിൽ നിന്ന് ഖൈറായി സ്വീകരിച്ചു എന്നതിന്‌ പണ്ഡിതന്മാർ പറയുന്ന അടയാളം അവന്റെ ജീവിതം നോക്കി മനസ്സിലാക്കാം എന്നാണ്. നല്ല വിഷയങ്ങളുമായി അവൻ നിരന്തരം ബന്ധപ്പെടുന്നുവെങ്കിൽ അത് റമളാൻ അനുകൂലമായതിന്റെ ലക്ഷണവും വൃത്തികെട്ട പ്രവർത്തങ്ങളിൽ വീണ്ടും അവൻ സജീവമാകുന്നുവെങ്കിലവനിൽ നിന്ന് റമളാൻ അല്ലാഹു സ്വീകരിച്ചിട്ടില്ല. അവനെ ശപിച്ചു എന്നതിന്റെ തെളിവാണ്. അല്ലാഹു നമുക്ക് തന്ന സമയങ്ങൾ മുഴുവൻ അവന്റെ ദീനീ ഖിദ് മത്തിൽ ചെലവഴിക്കാനും ഇഖ് ലാസോടെ സംഘടനാ പ്രവർത്തനം നടത്താനും അവസരം നല്കട്ടെ. ആമീൻ
എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട് എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ.....
അല്ലാഹു അക് ബർ....വലില്ലാഹിൽ ഹംദ്

മനിഷ്യനൊഴുകുന്നോ..?

ജനനമെന്ന കുന്നിലുദയം
മരണമെന്നഴിമുഖത്തസ്തമയം
കടലിലലിഞ്ഞനന്ത കാത്തിരിപ്പ്
മറു ലോകത്തിനോ സമുദ്ര വിശാലത
എത്ര കല്ലുകളിൽത്തട്ടി കാലിടറി
പിന്നെയും തപ്പിത്തടഞ്ഞെഴുന്നേറ്റ്
പൊട്ടിച്ചിരിച്ചും നാണം കുണുങ്ങിയും
ചിലർകാട്ടും വികൃതിക്ക് മേലുകാട്ടിയും
ശാന്തമായൊഴുകിയും രൗദ്രഭാവം പൂണ്ടും
മെലിഞ്ഞും നിറഞ്ഞും കാത്തു കിടന്നും
ഉള്ളിലെത്രയോ മല്ലൂർക്കയങ്ങളൊളിപ്പിച്ചും
തുടക്കം മുതലൊടുക്കം വരെ
പുഴയൊരേയൊഴുക്കാണോ മർത്യാ..

പുണ്യങ്ങളുടെ പൂക്കാലം വിട പറയുമ്പോൾ / അബൂ റുസൈം

സ്വർഗം ചോദിച്ചും നരഗമോചനം കൊതിച്ചും വിശുദ്ധമായ റമളാൻ മാസത്തെ വരവേറ്റ വിശ്വാസി മാനസങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ നല്കിയാണ് പുണ്യമാസം കടന്നു വന്നത്. വിടവാങ്ങുമ്പോൾ സർവാധിപതിയായ അല്ലാഹുവിന്റെ കാരുണ്യത്തിനും പാപമോചനത്തിനും ഞാൻ അർഹനായിട്ടുണ്ടോ എന്ന് ഓരോ വിശ്വാസിയും ആത്മ വിചിന്തനം നടത്തേണ്ടതുണ്ട്. തിന്മയുടെ ആസക്തിയിൽ പാപപങ്കിലമായ ഹൃദയ തമസ്സുകളെ കഴുകി സ്ഫടിക സമാനമാക്കാനുള്ള അവസരമാണ് ഉടയ തമ്പുരാൻ കനിഞ്ഞ് നല്കിയിരിക്കുന്നത്. അവസരങ്ങളെ മൂല്യ ശോഷണമില്ലാതെ ഉപയുക്ത്മാക്കുവാനും വിജയാശംസകൾ നേർന്നും അവഗണിച്ചവർക്കു ഭീഭൽസമായ ഒരു നാളെയെക്കുറിച്ച് ഓർമ്മപ്പെടുത്തിയും റമളാൻ കളന്നു പോയിരിക്കുകയാണ്.
റമളാനിൽ ലഭിച്ച ആത്മ നിർവൃതിയെ വരും നാളുകളിലെ അമൃതമായി സദാ സേവിക്കാൻ സൗഭാഗ്യം ലഭിച്ചവർക്കു മാത്രമേ അനിഗ്രഹങ്ങൾ പെയ്തിറങ്ങിയ റമളാനിനെ യഥാർത്ഥ അർത്ഥത്തിൽ ആതിഥ്യമരുളാൻ കഴിയൂ. നോമ്പുതുറ വിഭവങ്ങൾ സമൃദ്ധമാക്കുന്നതിനു പകരം ആരാധനയിലും ദാനധർമ്മങ്ങളിലും നിരതമാവുമ്പോഴാണ് നോമ്പിന്റെ അകക്കാമ്പ് അവനിൽ സന്നിവേശിപ്പിക്കപ്പെടുന്നുള്ളൂ. വിശപ്പിന്റെ കാഠിന്യവും ആരാധനയുടെ മാധുര്യവും തിരിച്ചറിഞ്ഞവനു വൃതം ഈമാനിന്റെ പരിമളം നല്കുന്നു. അതെ, വിശുദ്ധിയുടെ നറുമണം പരത്തിയാണ് റമളാൻ അതിവേഗം കടന്നു പോയിരിക്കുന്നത്. അത് ആസ്വദിച്ചവർക്ക് ആശ്വാസം..!

ഭൂതങ്ങളിലെ അരുതായ്മകളിൽ ഖേദിച്ചും വരും നാളുകളെ വിശിഷ്ടമാക്കാനുള്ള ദൃഢപ്രതിജ്ഞയിലും റമളാനിനൊട് വിടചൊല്ലിയവനു മാത്രമെ വൃതവും വൃതമാസവും അർത്ഥപൂർണ്ണമാകുന്നുള്ളൂ. പേരിനെ അന്വർത്ഥമാക്കും വിധം ചൂടിനപ്പുറം ആരാധനയാൽ നിമഗ്നമായി അടിമയുടെ ഭക്തി കൊണ്ട് പാപക്കറകൾ കരിഞ്ഞുണങ്ങി ഇല്ലാതാവണം. അപ്പോഴാണ് ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് പ്രത്യക്ഷമാകുമ്പോൾ മനതാരിൽ പൂനിലാവ് വിടർന്നതിനു അർത്ഥം വരുന്നുള്ളൂ. ഈദുൽ ഫിത്വറിനും.

ദൈവിക കലപനകൾ ശിർസ്സാ വഹിച്ചു കൊണ്ടും പ്രവാചകനെ അനുധാവനം ചെയ്ത് കൊണ്ടും മാനവൻ ജീവിതത്തെ ക്രമപ്പെടുത്തി ഈ റമളാനിനെ അർത്ഥപൂർണ്ണമാക്കുന്നതോടൊപ്പം തമസ്സിന്റെ ലോകത്ത് നിന്ന് ജീവിതത്തെ അതിജയിച്ച് പുഷ്കലമായ രീതിയെ പുണരണം
പരിശുദ്ധ റമളാനിനു പരിസമാപ്തി കുറിച്ചുകൊണ്ട് കടന്നു വരുന്ന ഈദുൽ ഫിത്വർ ആഘോഷത്തെ സർവ്വ സീമകളും ലംഘിച്ചു കൊണ്ട് ആഭാസമാക്കാതിരിക്കാൻ വിശ്വാസിക്ക് ശ്രദ്ധയുണ്ടാവണം. ഫിത്വർ സക്കാത്തിലൂടെ സഹജീവി സ്നേഹം നിലനിർത്തിയും ആരാധനയിൽ മുഴുകിയും പെരുന്നാൾ പുതിയ ജീവിതത്തിന്റെ നല്ല തുടക്കമാകട്ടെ. അങ്ങനെ ഈ ദിനവും വിശ്വാസിക്ക് പുണ്യങ്ങളുടെ പെരുമഴക്കാലം ...എന്തൊരും സൗഭാഗ്യവും...മഹാശക്തന്രെ ഔദാര്യങ്ങൾ എത്ര സുന്ദരം....
ഈദുൽ ഫിത്വറിനു സ്വാഗതം...
ഈദ് ആശംസകൾ....

മനസ്സിലെ മിന്നലാട്ടങ്ങൾ / ജെസി ലുഖ് മാൻ

സ്വപ്ന വസന്ത വല്ലരിയിൽ
നിനയ്ക്കാതെ പെയ്ത് മഴ നീ..
എന്റെയീ പ്രവാസം
മനസ്സിന്റെ മാനം മുട്ടി,
കുതിർന്നു, കുളിരു കോരി നിന്നെ-
ന്നു മിവളുടെ പ്രേയസ്സീ...

പേടിപ്പെടുത്തിയില്ലാകാശപ്പക്ഷി-
യെന്നെ പൊറുതി കേടിലാക്കിയില്ലാ
പുറപ്പാടിന്റെയേകതയും.
അണഞ്ഞു ലയിച്ചാദമ്യതയുടെ കിനാക്കളിൽ,
ചെറുപഴുതു നല്കിയില്ലൊരു സ്മൃതിക്കും.

കടലിനു മീതെപ്പൊന്തിപ്പറന്നു
കട്ടകുത്തി പുകയായ് മേഘങ്ങൾ
പുറത്തുകാണുമാ ഉച്ഛിയിൽ വെച്ചും
തോന്നിയില്ല,
ആഗ്രഹച്ചെപ്പിൽ പറിച്ചു നടപ്പെട്ട
പ്രവാസിയായ് മാറി ഞാനെന്നും,
നാടിന്റെ ഹരിതാഭങ്ങളന്യമെന്നും

വിമാനത്താവളമിറങ്ങി
ജാലകപ്പാളിത്തുറന്നതോ
കറുത്തവട്ട് വെച്ച കുറേ പുള്ളിത്തട്ടം,
ഉറ്റുനോക്കുന്നറബികൾ..!
പിടിച്ചില്ലെനിക്കവിടുത്തെ
ഉദ്യോഗവേഷധാരികളെ.

പിന്നെ വാഹനമേറിയിരുന്നൂ,
അതുമൊറ്റക്ക് പിൻ സീറ്റിൽ.
കൂട്ടിരുന്നാൽ കൂലിവണ്ടിയാകും പോൽ..!
പണ്ടു വയനാട്ടിൽ സല്ക്കാരമുണ്ട ബന്ധം
എന്നെയൊന്നും പറയിപ്പിച്ചില്ല.
എങ്കിലും നിയമങ്ങൾ പുലിവാലാണെന്നത്
ഒന്നുമറിയാത്ത എനിക്കുമറിയാം.

നിരത്തിലെത്തി, അവിടെ
നിലമറന്ന് പായുന്ന വണ്ടികൾ
നുനുത്ത ചുകപ്പാം മിന്നലാട്ടം
കളിപ്പാട്ടലാഘവം കണക്കെ
പടച്ചുണ്ടാക്കിവെച്ച പാലങ്ങളും
അനന്തതയിൽ ഭീകരതമുറ്റിയ മരുഭൂവും,
മിന്നിമിന്നി മറഞ്ഞു ധൃതിയിൽ.

നെറ്റിയിൽ, കണ്ണിൽ എവിടെയെന്നറിയാതെ
തുളച്ചു കയറുന്ന ചൂട്,
അകം തണുപ്പിക്കനെന്ത്രം, മാളുകൾ,
പാർ ക്കുകൾ, പാർക്കിങ്ങ്,
വേറെ വേറിട്ടവയൊന്നുമില്ലനുഭവത്തിൽ

ഇവിടെയൊന്നും മിഴികളുടക്കിയില്ല
വന്യമായധികനേരം.
കാരണം എന്റെ സ്വപ്നങ്ങൾക്ക്
രൂപവും വേഗവുമുണ്ടായിരുന്നില്ല.
അതിനു നിറം പകരാൻ
ആളുണ്ടായതാണെന്റെ വസന്തം.

വാടി വീണ ദലങ്ങൾ
വേർപിരിയും മുമ്പെ പൊട്ടിക്കരഞ്ഞതറിവില്ല.
വീണുകിടന്നും വിഷാദപ്പെട്ടേയിരുന്നില്ല.
നാട്ടിൽ വിരഹമധികം വേദനിപ്പിക്കാതിരുന്നതീ-
വിധിവിലാസമോർത്തായിരുന്നല്ലോ.

വെളുക്കരുതെന്ന്‌ കൊതിച്ച രാത്രങ്ങൾ
പലവട്ടം പുലർന്നപ്പോഴും
ഡ്യൂട്ടിയും മീറ്റിംഗും
കിനാവുകളുടെ ഈണം പിണക്കിയപ്പോഴും
കാത്തിരിപ്പിനേക്കൾ വിരഹമാഹാത്മ്യമോതാൻ
മനം വെമ്പിയോ?

എങ്കിലും താളം പിഴച്ചതില്ലയെന്തെന്നാൽ
അശൂന്യചിന്തകൾക്ക്‌
ഹൃദയം തന്നും
മൂർത്തഭാവങ്ങളിൽ
ശില്പം തീ ർത്തും
തോല്ക്കാതെ പഠിപ്പിച്ചയാൾ
എനിക്ക് കൂട്ടിരിപ്പുണ്ടല്ലോ.

മറപറ്റി നിന്ന മരവിപ്പുകൾ
അകന്നു മറയുന്നതും
സത്യമായ ആവേശത്തിന്റെ
സത്ത് പകരുന്നതും
ഈ പൊരുത്തത്തിന്റെ
ആൾ രൂപമാണെന്ന് എനിന്ന് നന്നായറിയാം.

കണ്ണിമുറിയാതെ തേടിയെത്തിയ
വള്ളിയില്ലാ കിന്നരങ്ങളാൽ
സരസ്സിൽ പറന്ന വർണ്ണക്കടലാസ്
വിരത്തെയകറ്റിയിരുന്നന്ന്.

ഇന്നീ പകലിന്റെ ഏകാന്തത
കാത്തിരുപ്പിന്റെ പ്രഹേളികയേക്കാൾ
മഹത്തരമെന്നത്, പുറമെ
എന്റെയഭിലാഷമൂർച്ച ഒന്നു കൊണ്ട് മാത്രം.

എന്നാലും 
ഇളം വെയിലും തെങ്ങോലയും
ഋതുക്കളാറും വിരുന്ന വരുന്ന കാറ്റും
മഴയും, മഴയിൽ ഗന്ധിയായ് വീശുന്ന മൺചൂരും
പ്രകൃതിയുടെ സംഗീതാത്മക മൂളക്കവും
എന്റെയടുത്ത വീട്ടിലെ മിന്നുമോൾ
വന്നയന്ന് ഉപ്പച്ചിയോടാരാഞ്ഞ മുറ്റവും,
ഒന്നുമിവിടെയില്ലെന്ന
തേങ്ങൽ ബാക്കിയുണ്ട്.

ഈ വിങ്ങലുകളെ നിമഗ്നമാക്കി
വർണ്ണനകളുടെ വരികൾ പലതു പെറ്റു.
അങ്ങനെ ഒന്നു കൂടി പറയട്ടെ,
ഇവിടെ ഇറങ്ങിയ ദിവസമെനിക്ക്
ജീവന്റെയുഷ്ണ വാനം
അർത്ഥം തേടി ഒത്ത് ചേർന്ന ദിനാരംഭം.

മനസ്സകത്ത്‌ ശാന്തി വരട്ടെ.. / അബൂ ലമീസ സഅദി താഴേക്കാട്‌

സാമൂഹിക ജീവിയായ മനുഷ്യൻ നിരന്തരം മറ്റുള്ളവരുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു. ജീവിത സഞ്ചാര മാർഗങ്ങളിൽ മുഴുകുന്ന മർത്ഥ്യനു വെറുതെയിരിക്കാൻ കഴിയില്ല. ബാഹ്യ-ആന്തരിക അവയവങ്ങൾ എപ്പോഴും പ്രവർത്തന നിരതമായിരിക്കും.
ഏതു രംഗത്ത് പ്രവർത്തിച്ചാലും ധാർമ്മിക പരിധികൾ ലംഘിക്കാൻ പാടില്ലെന്നത് അല്ലാഹുവിന്റെ ആജ്ഞയാണ്. അവയവങ്ങൾ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അതിനു വേണ്ടി അവയെ ഉപയോഗപ്പെടുത്താൻ മാത്രമേ മനുഷ്യർക്ക് അവകാശമുള്ളൂ. അല്ലാത്ത പക്ഷം ആ അവയവങ്ങൾ നല്കി അനുഗ്രഹിച്ച് നാഥനെ ധിക്കരിക്കലായി മാറും. പക്ഷെ അശ്രദ്ധയും ഓർമ്മക്കുറവും മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ആദ്യപിതാവ് ആദം(അ) തന്നെ ഒരു വേള അല്ലാഹുവിന്റെ നിർദ്ദേശങ്ങളിൽ വന്ന് ഓർമ്മക്കുറവ് കൊണ്ടാണല്ലോ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലെത്തപ്പെടേണ്ടി വന്നത്. അതിനെത്തുടന്ന് മറവി ആദം സന്തതികളുടെ ഒരു സ്വഭാവമായിത്തീർന്നു. ഇടപാടുകൾ നടത്തുമ്പോൾ സാക്ഷികളേ വെക്കണമെന്ന് ഖുർ ആൻ നിർദ്ദേശിക്കാൻ കാരണം അതാണ്.
സ്വയം മറക്കുമ്പോൾ അധാർമ്മികത കടന്നു വരുന്നു. വിവിധ തലങ്ങളിൽ ചിന്തകൊണ്ടും വാക്കു കൊണ്ടും തടി കൊണ്ടും തെറ്റുകൾ പെരുകുന്നു. അത് വഴു ഹൃദയം കറുത്തിരുളുന്നു. പാപങ്ങൾ വർദ്ധിക്കും തോറും കറുത്ത പാടുകൾ വികാസം പ്രാപിക്കുന്നു. ക്രമേണ ഹൃദയത്തെ ഒന്നടങ്കം അത് കീഴടക്കുന്നു. അങ്ങനെ മനുഷ്യന്റെ ശാശ്വത പരാജയത്തിന് അത് കാരണമാകുന്നു.
തിരുനബി (സ) തങ്ങൾ പ്രവചിച്ചതാണിത്. വിശ്വാസി ജാഗ്രത പുലർത്തേണ്ടത് ഇവിടെയാണ്. സ്വയം നിയന്ത്രിതരായിരിക്കണം അവൻ. വിചാര-വികാര-പ്രവൃത്തികൾ മുഴുവനും സൂക്ഷമതയോടെ കൈകാര്യം ചെയ്യണം. ഏതൊരു വിഷയത്തിലേക്ക് പ്രവേശിക്കുമ്പോഴും അതിൽ ഗുണമുണ്ടോ എന്ന് വിലയിരുത്തി വേണം മുതിരാൻ. തിരു നബി(സ) യുടെ വാക്യങ്ങൾ ശ്രദ്ധിക്കുക. ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവൻ പുണ്യമുള്ളത് മാത്രം സംസാരിക്കട്ടെ..! അല്ലാത്ത പക്ഷം മൗനം പാലിക്കട്ടെ..!“
ഇത് സംസാരത്തിൽ മാത്രമല്ല. പ്രവൃത്തിയിലും ചിന്തയിലും പ്രകടമാകേണ്ടതുണ്ട്. വിജയത്തിന്റെ നിദാനമാണിത്. അല്ലാഹു സർവ്വവും വീക്ഷിക്കുന്നുണ്ട് എന്ന ബോധം വിശ്വാസിയെ കീഴടക്കിയാൽ ഇത്തരം അശ്രദ്ധക്കും മറവില്ലും അത് പരിഹാരമാകും. തീർച്ച... നാഥൻ അനുഗ്രഹിക്കട്ടെ..! ആമീൻ.

വായന തേടുന്ന പ്രവാസം / അബ്ദുല്ല വിളയിൽ


 പ്രവാസം ഒരു പ്രതീക്ഷയും കാത്തിരിപ്പുമാണ്‌. സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും ആശയുടെയും നിരാശയുടെയും നീണ്ട കാത്തിരിപ്പ്‌. നിറപ്പകിട്ടാർന്ന ഒരു നുള്ള സ്വപ്നങ്ങളെ മനസ്സിനുള്ളിൽ താലോലിച്ച്‌ കൊണ്ട്‌ ഉറ്റവരെ പിരിഞ്ഞിരിക്കുക എന്ന്‌ വേണമെങ്കിൽ പ്രവാസത്തെക്കുറിച്ച്‌ പറയാം.
പ്രവാസം പല രൂപങ്ങളിലാണെങ്കിലും മനുഷ്യോല്പ്പത്തിയോളം പഴക്കമുണ്ട്തിന്‌. ആദിമ മനുഷ്യനും മനുഷ്യപിതാവുമായ ആദം നബി(അ) യിൽ നിൻന്മാരംഭിക്കുന്നതാണ്‌ പ്രവാസ്ത്തിന്റെ ചരിത്രം.
ഇവിടെ പ്രവാസം ഒരു പരീക്ഷണവും അതേ സമയം പരിരക്ഷണവുമായി മാറുന്ന ഒരു അനിഭവമാണുണ്ടാകുന്നത്‌. ഇരുപത്‌ വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന ഒരാളുമായി ഈ കുറിപ്പുകാരൻ സംസാരിക്കുകയുണ്ടായി. നീറുന്ന ജീവിതാനിഭവങ്ങളിലൂടെയുള്ള ആ സംസാരത്തിനൊടുവിൽ ഈ പ്രവാസം വായിക്കപ്പെടാതെ അറിയപ്പെടാതെ പോവരുതെന്ന്‌ ഉള്ളിൽ നിന്ന്‌ തോന്നലുയർന്നപ്പോഴാണ്‌ ഇത്‌ എഴുതിപ്പിടിപ്പിക്കാനുള്ള ശ്രമമുണ്ടായത്‌. ഒരു പ്രവാസിയുടെ ജീവിതം എങ്ങനെയാവണമെന്നും എന്താവരുതെന്നും ഈ പ്രവാസിയിൽ നിന്നും വായിച്ചെടുക്കാമെന്നതാവാം അങ്ങനെ തോന്നനുണ്ടായ കാരണം.
ഇത്‌ ബഷീർക്ക.. മലപ്പുറം ജില്ലയിലെ പുളിക്കലുനടുത്ത് പറവൂർ എന്ന കൊച്ചു പ്രദേശത്താണ് താമസം.
സജീവ സുന്നി സഹകാരിയാണ്  ബഷീകർക്ക. അടുത്ത കൂട്ടുകാരും സംഘടനാ ബന്ധുക്കളും ‘പർവൂർ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ബഷീർ പറവൂർ.സൗദിയിലെ ജിദ്ദയിലും ദമ്മാമ്മിലുമായി ഇരുപത്തിമൂന്ന് വർഷത്തോളമായി ബഷീ ർക്ക പ്രവാസജീവിതം നയിക്കുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നേരത്തെ മനസ്സിലുണ്ടെങ്കിലും ജോലിയും മറ്റുമായി സമയ നിഷ്ഠ് യിൽ നിർബന്ധമുണ്ടായിരുന്ന അദ്ദേഹത്തോടൊപ്പമിരിക്കൽ കഴിയാതെ വന്നു.
അങ്ങനെ ഒരു ദിവസം എന്റെ കാറിലിരുന്ന് കുറെ നേരം തുറന്ന് സംസാരിച്ചു.
കുറിപ്പുകാരൻ: സാമ്പത്തികമായ നേട്ടം ഉദ്ദേശിച്ച് കൊണ്ടാണല്ലോ ഓരോരുത്തരും പ്രവാസത്തിന്റെ കുപ്പായമണിഞ്ഞ് ഈ മരുഭൂമിയിലെത്തുന്നത്. ആ കാര്യത്തിൽ ബഷീർക്ക ഇപ്പോൾ സംതൃപ്തനാണോ? അല്ലെങ്കിൽ ഈ രണ്ടര പതിറ്റാണ്ടോളം വരുന്ന ഇവിടുത്തെ ജീവിതം കൊണ്ട് എന്ത് നേടി?
ഇക്ക: അരനിമിഷത്തെ മൗനം.. ഇപ്പോൾ വലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ല. ഞാൻ... പ്രവാസത്തിന്റെ സിൽ വർ ജൂബിലിയിലെത്തി നില്ക്കുമ്പൊഴും ചെറുതല്ലാത്തതും എന്നാൽ വീട്ടാൻ സാധിക്കുമെന്ന് തോന്നുന്നതുമായ  കടബാധ്യതയുണ്ടെനിക്ക്. വീട് വെച്ച വകയിലുള്ളതാണ്. പക്ഷെ ഈ സൗദിയിൽ വന്നതിനു ശേഷം ഞാൻ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്. എല്ലാം കുടുംബത്തിനു വേണ്ടി ചെലവഴിക്കുകയായിരുന്നു.
പെങ്ങൻ മാരുടെ കല്യാണം, അനുജന്മാരുടെ പഠനം, ചികിൽസ തുടങ്ങി കുടുംബത്തിന്റെ ഏതൊരു ആവശ്യത്തിനും മറ്റാരെയും കാത്തു നില്ക്കാതെ മുന്നിട്ടിറങ്ങി. സ്വന്തത്തെ കുറിച്ച് ചിന്തിക്കാൻ വളരെ വൈകിയിരുന്നു. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തമായൊരു വീടിനെ ക്കുരിച്ച് ചിന്തിച്ചത് തന്നെ പ്രവാസത്തിന്റെ പതിനെട്ടാമത് വർഷത്തിലായിരുന്നു. വീടിന്റെ പണിക്കുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ കുടുംബത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ടവനും കൊള്ളരുതാത്തവനുമായി എന്നത് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായി.
എന്നാലും അൽ ഹംദുലില്ലാ..അനാവശ്യമായി ഒരൊറ്റ രൂപയും ചിലവായിട്ടില്ല.
ആ നെടുവീപ്പിൽ വേദനയുടെയും പ്രതീക്ഷയുടെയുമൊകെ ഓളങ്ങളും ഒരാളോടെങ്കിലും പങ്കുവെച്ചപ്പോഴുള്ള ആശ്വാസ നാളങ്ങളും ഉണ്ടെന്ന് എനിക്ക് തോന്നി.
കുറിപ്പുകാരൻ: ആത്മീയ തലത്തിൽ ഈ നീണ്ട പ്രവാസ ജീവിതം വല്ല നേട്ടവും സമ്മാനിച്ചോ? അതോ താഴോട്ടാണോ പോയത്?
ഇക്ക: ഒരിക്കലും താഴോട്ട് പോയിട്ടില്ല. ഒരു ഡ്രൈവറായിരുന്ന ഞാൻ നാട്ടിൽ സ്ഥിരമായിരുന്നെങ്കിൽ ഇന്ന് ഏതവസ്ഥയിലായിരിക്കുമെന്ന് ഊഹിക്കാൻ പോലും വയ്യ. നാട്ടിൽ നിസ്കാരത്തിലും മറ്റും കണിശത പുലർത്താൻ സാധിക്കാതിരുന്ന എനിക്ക് ഈ പ്രവാസ ജീവിതം നല്കിയ ഏറ്റവും വലിയ അനിഗ്രഹമാണ് കൃത്യമായി നിസ്കരിക്കാനുള്ള അറിവും ബോധവും ലഭിച്ചു എന്നത്. സുന്നത്ത് ജമാ അത്തിന്റെ സംഘടനകളുമായും പണ്ഡിതരുമായും അടുക്കാനും അതു വഴി അറിവ് നേടാനും ഇവിടെ നിന്ന് സാധിച്ചു. അതിനാൽ ജീവിതത്തിൽ ഒരു ചിട്ടയും രൂപവും ഉണ്ടായി.
കുറിപ്പുകാരൻ: ശരി.. കുടുംബത്തിന്റെ മറ്റു കാര്യങ്ങൾ..? മക്കൾ.. അവരുടെ വിദ്യാഭ്യാസം..... അതിലൊക്കെ ബഷീർക്ക സംതൃപ്തനാണോ?
ഇക്ക: തീർച്ചയായും. മക്കളുടെ(മൂന്ന് ആൺ മക്കൾ) മത-ഭൗതിക വിദ്യാഭ്യാസ കാര്യത്തിൽ പൂർണ്ണ സംതൃപ്തനാണ്.ഞാൻ ഇവിടെയാണെങ്കിലും ആവശ്യമായ സമയങ്ങളിൽ മക്കളുമായും, ഭാര്യയുമായും ആശയവിനിമയം നടത്തി അവരുടെ പഠനപരവും അല്ലാത്തതു മായ മുഴുവൻ ആവശ്യങ്ങളിലും ശക്തമായ ആസൂത്രണം ഞാൻ നടത്താറുണ്ട്. ചുരുക്കത്തുൽ ഉപ്പയുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാത്തവിധം ഒരു നിയന്ത്രണം ഞാൻ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തതാണ്. ഈ റിമോട്ട് പാരെന്റിംഗ് എന്നൊക്കെപ്പറയാറില്ലെ അത് തന്നെ സംഗതി.
മാഷാ അല്ലാ.... ബഷീർക്ക സംഘടനാ പ്രവർത്തങ്ങളും സംവിധാനങ്ങളുമൊക്കെ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിന്നു. റിമോട്ട് പരെന്റിംഗ് എന്ന വിഷയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഇപ്പോൾ പ്രവാസികൾക്ക് വ്യാപകമായ രീതിയിൽ മാർഗനിർദ്ദേശക്ലാസ്സുകൾ നടത്തിവരുന്ന കാര്യം ബഷീർക്കയും അറിഞ്ഞിരിക്കുമെന്ന് ഞാൻ മനസ്സിലാക്കി.
കുറിപ്പുകാരൻ: ഈയവസരത്തിൽ പുതു തലമുറയിലെ പ്രവാസികൾക്കായി വല്ല ഉപദേശവും...?
ഇക്ക: എന്നാലും പുതു തലമുറയിലെ പ്രവാസികൾ കൃത്യമായ സാമ്പത്തിക അച്ചടക്കവും നിഷ്ഠയും പാലിക്കുകയും ഈ മരുഭൂമിയിൽ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഓരോ തുകയും വളരെ അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കുകയും ഗൾഫിന്റെ സംഭാവനയായ രോഗങ്ങൾ തേടിയെത്തുന്നതിന് മുമ്പ് ഇവിടുന്ന് നാട് പിടിക്കാനുള്ള ശ്രമങ്ങൾ ഓരോ പ്രവാസിയും നടത്തട്ടെ.
പറഞ്ഞു തീർന്നില്ല... ബഷീർക്കാന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി..പെട്ടെന്ന് കമ്പനിയിൽ എത്താനുള്ള വിളിയാണ്. ‘ഹിലാൽ നുസ് സാ അ’ പറഞ്ഞ് ബഷീർക്ക മൊബൈൽ ചെവിയിൽ നിന്നെടുത്ത് വണ്ടിയുടെ ഡാഷിൽ വെച്ചു. പോട്ടെ വിളയിൽ.. മക്കൾക്ക് പച്ചരി വാങ്ങണമല്ലോ.
ചോദ്യങ്ങൾ ഇനിയും ബാക്കിയാക്കി സലാം പറഞ്ഞ് ഞാനും വണ്ടി സ്റ്റാർട്ട് ചെയ്തു..
ആ വണ്ടി പതിയെ നീങ്ങി ടൊയോട്ട സിഗ്നലിലെ നീണ്ട വാഹൻ നിരയിൽ ലയിച്ചു കഴിയുമ്പോഴേക്കും എന്റെ മനസ്സിൽ ആ മുഖത്തെ വിവിധ ഭാവങ്ങൾ തെളിഞ്ഞു കൊണ്ടിരുന്നു. മനസ്സ് പ്രാർത്ഥനാ മുഖരിതമായി........
ബഷീക്കാ...നാഥന്റെ സംരക്ഷണം തങ്കളെ അനുഗമിക്കട്ടെ...

അവസാനിച്ചിട്ടില്ല....
anajmussaqib@gmail.com

കാര്യദർശിയുടെ കത്ത്‌

പ്രിയപ്പെട്ട സഹപ്രവർത്തകരെ,

പ്രവാസച്ചൂടിന്റെ ജീവിതച്ചൂളയിൽ വെന്തുരുകുന്ന ആയിരങ്ങൾക്ക്‌ ആശ്വാസമേകുന്ന രിസാല സ്റ്റഡി സർക്കിൾ(ഇയാർ.എസ്‌.സി)ന്റെ എല്ലാ കൂട്ടുകാർക്കും ധർമ്മവിപ്ലവാഭിവാദ്യങ്ങൾ. ആത്മ സംസ്കരണത്തിന്റെ റമളാൻ പകലിരവുകളിൽ നമുക്ക്‌ ലഭിച്ച വെണ്മ സംഘടനാ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ ഊർജ്ജം പകരട്ടെ.
വിവിധങ്ങളായ പ്രവർത്തന പദ്ധതികളാണ്‌ നമുക്ക്‌ മുമ്പിലുള്ളത്‌. യൂണിറ്റ്‌ കൗൺസിൽ, മുഴുവൻ അംഗങ്ങൾക്കുമുള്ള സംഘടനാ പരിശീലനം,പ്രവാസി രക്ഷിതാക്കൾക്ക്‌ വേണ്ടി റിമോട്ട്‌ പാര, സേവന പഥത്തിലേറുന്ന ഹജ്ജ്‌ വളണ്ടിയർ കോർ,ന്റിംഗ്‌, സർഗമഴ പെയ്യുന്ന സാഹിത്യോൽസവുകൾ തുടങ്ങി ഇനിയുള്ള മൂന്ന് മാസക്കാലം നാം വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടതുണ്ട്.
കൾച്ചറൽ കൗൺസിലിന്റെ ഈ സംരഭം പുതിയ തുടക്കമാണ്‌. തളിരിനു പൂത്ത്‌ കായ്ക്കാനും വസന്തം പകരാനും കഴിയട്ടെ എന്നാശംസിക്കുന്നു.
അശരണരോടൊപ്പം എന്ന പദ്ധതിയിലൂടെ വസ്ത്രശേഖരണം ഉൾപ്പെടെ റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ നമുക്ക് തുടർന്നുമ്പൂർവ്വോപരി ഊർജ്ജസ്വലരായി പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് നല്കട്ടെ...ആമീൻ
വന്നണയുന്ന പെരുന്നാളും ആരാധനകളെകൊണ്ട് സമ്പന്നമാക്കാൻ കഴിയണം....
ഏവർക്കും പെരുന്നാൾ ആശംസകൾ.
                                                               അഹ്‌ മദ്‌ അലി കോഡൂർ -
                                                               ആർ.എസ്‌.സി  ജനറൽ കൺ വീനർ
                                                               ദമ്മാം സോൺ--

ഫാനൂസ്‌/ഇഖ്‌ബാൽ വെളിയങ്കോട്‌


‘ആകാശച്ചെരുവിൽ ചന്ദ്രനുദിച്ചു
തെരുവോരത്ത്‌ ഫാനൂസ്‌ തെളിഞ്ഞു
റമദാൻ ഇങ്ങെത്തി
റമദാൻ ഇങ്ങെത്തി’

സയ്യിദ്‌ ദർവീശിന്റെ വരികൾ ഈണത്തിൽ പാടി ഞങ്ങൾ കുഞ്ഞുങ്ങൾ നോമ്പിന്റെ തലേന്ന്‌ മുതിർന്നവർ സമ്മാനമായിത്തന്ന ഫാനൂസുകൾ തൂക്കിപ്പിടിച്ച്‌ അയലത്തെ വീടുകൾ കയറിയിറങ്ങും.ഹദ്‌ യ കിട്ടുന്ന നാണയത്തുട്ടുകൾ ഒരുക്കൂട്ടി വെക്കും. അതിൽ നിന്ന്‌ വേണം പെരുന്നാൾ ബലൂണുകൾ വാങ്ങാൻ. ഒപ്പം ‘മുസഹറാത്തി’ക്കും സമ്മാനം കൊടുക്കണം. ഞങ്ങൾ കുട്ടികൾ കരുതിയിരുന്നത്‌ ‘മുസഹെറാത്തി’ വന്ന്‌ വിളിച്ചില്ലെങ്കിൽ ഗ്രാമത്തിൽ ആർക്കും നോമ്പ്‌ പിടിക്കാനാവില്ലെന്നായിരുന്നു‘ യൂസുഫ്‌ അൽ ഖുറശി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ഓർമ്മകൾ നാട്ടിലേക്കും കുട്ടിക്കാലത്തെക്കും പറന്നു. അത്താഴം മുട്ടുകാർ, ആന്ധ്രയിൽ നിന്നു വന്ന്‌ ഉറുദുവിൽ മന​‍ാഹരമായി ഗാനങ്ങളാലപിച്ച്‌ ഞങ്ങളെ വിളിച്ചുണർത്തിയിരുന്ന നീളൻ തലേക്കെട്ടുകാർ.
യൂസുഫ്‌ ഞങ്ങളുടെ കമ്പനിക്ക്‌ ക്ലീനിംഗ്‌ പ്രൊഡക്റ്റുകൾ വിറ്റിരുന്ന ഒരു കമ്പനിയുടെ മാനേജറാണ്‌.

നീളൻ ജലാബിയയും തുർക്കിത്തൊപ്പിയും അണിഞ്ഞ്‌ കയ്യിൽ പിടിച്ച ഫാനൂസിന്റെ വെളിച്ചത്തിൽ നിർഭയം ഓരോ വീടിന്റെ മുന്നിലുമെത്തി ദഫ്‌ കൊട്ടി വീട്ടുകാരന്റെ പേര്‌ ഈണത്തിൽ വിളിച്ച്‌ വീട്ടുകാരെയുണർത്തി മുസെഹറാത്തി അടുത്ത വീട്ടിലേക്ക്‌ പോകും. ഗ്രാമത്തിലെ ഓരോ വീട്ടുകാരന്റെ പേരും അയാൾക്ക്‌ ഹേദിസ്ഥമായിരുന്നു. അയാളുടെ പാട്ടുകൾ കേട്ടാണ്‌ ഞങ്ങൾ കുട്ടികൾ സയ്യിദ്‌ ദർവീശിന്റെ വരികൾ ഈണത്തിൽ പാടാൻ പഠിച്ചത്‌.
യൂസുഫ്‌ യാത്ര പറയാൻ വന്നതാണ്‌. ഇത്തവണ സ്വന്തം വണ്ടിയിലാണ്‌ നാട്ടിലേക്ക്‌; കുടുംബവുമൊത്ത്‌ റോഡ്‌ മാർഗം.
‘ജോർദാനും അഖബയും മുറിച്ച്‌ കടന്ന്‌ നൈലിന്റെ കാറ്റേറ്റ്‌ കൈറോയിൽ നിന്ന്‌ നൂറു കിലോമീറ്ററപ്പുറമുള്ള ഗ്രാമത്തിലേക്ക്‌ യാത്ര പോകുന്നത്‌ എനിക്കെന്റെ മനക്കണ്ണിൽ ഇപ്പഴേ കാണാം.
ശർഖിയ്യയിൽ ഫാകൂസ്‌ പട്ടണത്തിനരികിൽ മൻശിയ്യയാണയാളുടെ ഗ്രാമം.
തണുത്ത കാറ്റേല്ക്കാൻ വിൻഡോ താഴ്ത്തി വെക്കുമ്പോൾ കാറ്റടിച്ച്‌ കുട്ടികൾക്ക്‌ അസുഖം പിടിക്കുമല്ലോ എന്ന്‌ ഉമ്മു അബ്ദുല്ല പരിഭാവം പറയുന്നത്‌ എനിക്കെപ്പഴേ കേൾക്കാനാകും.
ഇഖ്ബാൽ.! ഇത്തവണ തിരികെ വരുമ്പോൾ ഞാൻ നിനക്കൊരു സമ്മാനം കൊണ്ടുവരും. എന്റെ അബ്ബ സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഒരു ഫാനൂസ്‌. നിന്റെ പുതിയ വീടലങ്കരിക്കാൻ. ഒപ്പം നിന്റെ കുഞ്ഞുങ്ങൾക്ക്‌ കളിക്കൻ രണ്ട്‌ കിഞ്ഞ്‌ ഫാനൂസുകളും.
പലപ്പോഴും തമാശക്ക്‌, അയാളെ ശുണ്ഠി പിടിപ്പിക്കാൻ ’ഈജിപ്തുകാരെ എനിക്കിഷ്ടമില്ലെന്ന്‌‘ ഞാനയാളോട്‌ പറഞ്ഞിട്ടുണ്ട്‌. സത്യത്തിൽ ചില ഈജുപ്തുകാരുടെ ശൈലി കാണുമ്പോൾ എനിക്കവരോട്‌ ഇഷ്ടക്കേട്‌ തോന്നാറുമുണ്ട്‌.
എല്ലാരും ഒരുപോലെ യല്ലെന്ന്‌ അയാൾ ചിരിച്ച്‌ കൊണ്ട്‌ മറുപടി പറയും. ‘നിങ്ങൾ ഇന്ത്യക്കാരേയും ഞങ്ങൾക്ക്‌ ഇഷ്ടമല്ല; അതിനേക്കാളേറെ അസൂയ തോന്നാറുണ്ട്‌. ഒരേ ഭാഷ സംസാരിക്കുന്നവരായിട്ടും ഇവിടുത്ത്കാർ ഞങ്ങളേക്കാൾ നിങ്ങൾക്ക്‌ നല്കുന്ന പരിഗണന. ഞങ്ങളുടെ അവസരം മുടക്കികളാണ്‌ നിങ്ങൾ എന്ന തോന്നൽ. എന്നിട്ടും നിന്നെ ഞാൻ സ്നേഹിക്കുന്നു. അതുപോലെ ഒരുപാട്‌ ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്‌.’
അയാൾക്ക്‌ ദേഷ്യം വരുനന്ത്‌ കാണാൻ നല്ല രസമാണ്‌.
പ്രകാശഗോപുരമായി വെളിച്ചം പൊഴിച്ചവരും വൻ മരങ്ങളായി തണൽ തന്നവരുമായി ഒരുപാട്‌ ഈജിപ്ഷ്യൻ സൗഹൃദങ്ങൾ പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനിടയിൽ എന്റെ ജിവിതത്തിലേക്ക്‌ കയറി വന്നിട്ടുണ്ട്‌. യൂസുഫ്‌, അഷ്‌ റഫ്‌, സയ്യിദ്‌, മഹ്‌ മൂദ്‌ ഷഹീൻ.
എക്സിറ്റിൽ പോയ അഷ്‌ റഫ്‌ ഇടക്കിടെ വിളിക്കാറുണ്ടായിരുന്നു. ഒരു ദിവസം അവൻ പറഞ്ഞു; ‘ഞാനിപ്പോൾ തഹ്‌ രീർ സ്ക്വയറിലാണ്. വിപ്ളവത്തിന്റെ നടുവിൽ നിന്ന്.’ ഫോണിൽ അവന്റെ ബാക്കി വാക്കുകൾ പശ്ചാത്തലത്തിലെ മുദ്രാവാക്യത്തിലും ജനഘോഷയാത്രയുടെ ഇരമ്പലിലും മുങ്ങിപ്പോയി.
മുർസി തെരെഞ്ഞെടുക്കപ്പെട്ട അന്ന് യൂസുഫ് മിഠായിയുമായാണ് വന്നത്. നിങ്ങൾക്കെന്താണിത്ര സന്തോഷം എന്ന ചോദ്യത്തിന് അയാളുടെ മറുപടി കാല്പനികമായിരുന്നു. ‘ഞങ്ങൾക്കിനി സന്തോഷത്തോടെ ദീർഘശ്വാസമെടുക്കാം, രഹസ്യപ്പോലീസിനെ പേടിക്കാതെ ഒരു പുതിയ പ്രഭാതം. പടിഞ്ഞാറിന്റെ കുശിനിപ്പണിയെടുക്കാത്ത, മത മൂല്യങ്ങളും മാനുഷികതയും വ്യക്തി സ്വാതന്ത്യ്രവും ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയെ ഉൾക്കൊള്ളുന്ന, സ്വന്തം ജനതയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഒരു പുതിയ ഭരണകൂടം.’ മുർസിക്ക് മാറ്റങ്ങൾ കൊണ്ടുവരാനാകും എന്ന പ്രത്യാശ അയാളുടെ മുഖത്ത് കാണാമായിരുന്നു.
ഏകാധിപത്യത്തിനു പകരം ജനാധിപത്യത്തിന്റെ കടന്നു വരവിനും ഈജിപ്തിനും അറബികൾക്കും പുതിയ ദിശാബോധം നല്കാനും വിപ്ളവിത്തൈനാകുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു.
പക്ഷെ പുതിയ വികാസങ്ങൾ അയാളെ തളർത്തിക്കളഞ്ഞു. ഈജിപ്ത്   ഇഖ് വാനികളുടെ മാത്രമല്ല. മുർസിക്ക് കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. അയാൾക്ക് ജനാധിപത്യമുണ്ടെന്നത് സത്യമാണ്. പക്ഷെ വരേണ്യ വർഗത്തിന്റെ സ്വാധീനത്തെക്കുറിച്ച്... ചരിത്രത്തിൽ നിന്ന് അയാൾക്ക് വായിച്ചെടുക്കാമായിരുന്നു. റജബ് നല്ലൊരു മാതൃകയായിരുന്നു.
‘ബൂ അബ്ദില്ലാ, നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം’ പരസ്പരം കവിളുകൾ ചേർത്ത് വച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ പതിവുപോലെ സന്തോഷവാനായിരുന്നില്ല.
ദിനങ്ങൾ കടന്ന് പോയി.നൈലിന്റെ കരചുറ്റി യൂസുഫ് തന്റെ ഗ്രാമത്തിലെത്തിയിരിക്കും. ഈജിപ്ത് അപ്പോഴേക്കും പ്രതി വിപ്ളവത്തിന്റെ വഴിയിൽ തിരിഞ്ഞു നടക്കുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയിരുന്നു. അതിനിടയിൽ ഒരുദിനം യൂസുഫ് നാട്ടിലാണെന്ന ഓർമ്മയില്ലാതെ ഒരു ഡെലിവെറിക്ക് വേണ്ടി അയാളുടെ മൊബൈലിലേക്ക് വിളിച്ചു.
നീ എനിക്ക് ഇവിടെയും ഇരിക്കപ്പൊറുതി തരില്ലേ ഇഖ്ബാൽ.?‘ അയാളുടെ വലിയ ശബ്ദം നിറയെ സന്തോഷം പൊതിഞ്ഞിരിക്കുന്നു.
ടി.വി. യിൽ കാണുമ്പോലെയല്ല. ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു. യാത്രയും സുഖമായിരുന്നു. ഞാൻ മറന്നിട്ടില്ല. നിന്റെ വീടിനും കുഞ്ഞുങ്ങൾക്കുമുള്ള ഫാനൂസുകൾ ഞാൻ കൊണ്ടുവരിക തന്നെ ചെയ്യും.

അറബ് ന്യൂസിന്റെ പൂമുഖത്ത് പിന്നെയും ഈജിപ്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങി. സീസിയുടെ അന്ത്യ ശാസനം, മുർസിയുടെ വീട്ടു തടങ്കൽ, പുതിയ ഇടക്കാല ഭരണകൂടം, തെരുവിലെ വെടിയൊച്ചകൾ, വിപ്ളവത്തിന്റെ വഴികളിൽ പിന്നെയും ചോർപ്പുഴകൾ പടർന്നു പൂത്തു. ഹുസ് നി മുബാറക്ക് മൗനമായി പുഞ്ചിരിക്കുന്നുണ്ടാവണം.
പെരുന്നാളാശംസ അറിയിക്കാൻ യൂസുഫിന്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ അത് നിശബ്ദമായിരിക്കുന്നു. വിപ്ലവത്തിന്റെ തുടക്കത്തിൽ അശ് റഫിന്റെ ഫോണും ഇതു പോലെ നിശ്ബ്ദമായിപ്പോയതാണല്ലോ എന്ന് ഞെട്ടലോടെ ഞാനോർത്തു.
എങ്കിലും എനിക്കുറപ്പുണ്ട്. എല്ല പ്രതിസന്ധികളുടെയും ഇടയിലൂടെ വണ്ടിയോടിച്ച് എന്റെ മക്കൾക്കുള്ള ഫാനൂസുകളുമായി യൂസുഫ് തിരികെയെത്തുക തന്നെ ചെയ്യും.
ഉമ്മുദ്ദുനിയയുടെ സമ്മാനവുമായി..

പ്രവാസത്തിലെ സന്തോഷം / കെ.എം.കെ മഴൂർ



സ്വന്തം വിഷമങ്ങൾ മറ്റുള്ളവനോട്‌ പറയാതെ അന്യരുടെ വിഷമങ്ങൾക്കു പരിഹാര മാർഗ്ഗം തേടി ഒഴിവു സമയം ചിലവഴിച്ചും സംഘടനാ രംഗത്ത്‌ പിന്നണിയിൽ നിശബ്ദ സേവനങ്ങൾ ചെയ്തും നാട്ടിൽ കഴിഞ്ഞിരുന്നപ്പോൾ സാമ്പത്തിക പ്രാരാബ്ധങ്ങളാൽ ജീവിതം വഴിമുട്ടുമെന്ന്‌ തോന്നിയപ്പോഴാണ്‌ റിയാദിലേക്ക്‌ യാത്ര തിരിച്ചത്‌. ജോലി തേടി വന്നപ്പോൾ എനിക്ക്‌ സഹായ സഹകരണം ചെയ്തതിൽ പരിചയമുള്ളവരും ഇല്ലാത്തവരും നാട്ടുകാരും കൂട്ടുകാരുമുണ്ടായിരുന്നു.
ആദ്യമായി സമൂസ പണിക്ക്‌ വേണ്ടിയാണ്‌ റിയാദ്‌ നമ്പയിലെ ഓട്ടോമാറ്റിക്‌ ബാക്കറിയിൽ എത്തിയത്‌. കാലത്ത്‌ 09 മണിമുതൽ അത്താഴം വരെയുള്ള തുടർച്ചയായ ജോലിയിൽ മൂന്നു ദിവസം തുടർന്നപ്പോൾ എന്റെ വിഷമം കണ്ട ഹൈന്ദവ സുഹൃത്ത്‌ അതേ കമ്പനിയിൽ മറ്റൊരു ജോലിക്ക്‌ അവസരം തന്നു. കാലചക്രം ചലിച്ചപ്പോൾ പിന്നീട്‌ പലജോലികളിലും ഞാൻ മുഴുകി. ഒരു വർഷത്തോളം റിയാദിലെ പ്രാന്തപ്രദേശങ്ങളിൽ കഴിച്ചു കൂട്ടി.
പിന്നീട്‌ ദമ്മാമ്മിലെ സംഘടനാ ബന്ധുക്കളുടെ സഹായത്താൽ ഇവിടെ എത്തുകയും നല്ലൊരു ജോലിയിൽ പ്രവേശിക്കുവാനും കഴിഞ്ഞു. നാട്ടിൽ ലഭിക്കാത്ത സന്തോഷം നേതാക്കന്മാർ വരുമ്പോൾ അവരെ അടുത്തറിയാനും നേരിൽ ദു ആ വസ്വിയ്യത്ത് ചെയ്യാനും അവസരം ലഭിക്കുന്നുവെന്നതാണ്. പത്ത് വർഷത്തിലധികമായി ദമ്മമ്മിൽ ജോലി ചെയ്യുന്ന ഈ വിനീതന് അനുഭവങ്ങൾ അയവിറക്കാൻ ഏറെയുണ്ടെങ്കിലും സമയക്കുറവിനാൽ ചുരുക്കട്ടെ. കിഴക്കൻ പ്രവിശ്യ അടിസ്ഥാനത്തിൽ സംഘടനാ രംഗത്ത് സജീവമായിരുന്ന കാലത്ത് എസ്.വൈ.എസ്, ആർ.എസ്.സി തുടങ്ങിയ സംഘടനകളുടെ പരിപാടികൾ വളരെയധികം സന്തോഷം ലഭിക്കുന്ന ഘടകങ്ങളായിരുന്നു.
സമൂഹത്തിന്റെ താഴെ തട്ടിൽ ചെന്ന് സംവദിക്കാൻ നാം തയ്യാറായാൽ പ്രവാസജീവിതത്തിലും നമുക്ക് സന്തോഷം ലഭിക്കും. റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ..!

ഒരു സർഗനോവിന്റെ പരിണിതി / ഹസൻ സഖാഫി ചിയ്യൂർ (സോൺ ചെയർമാൻ)





ഈ ഈ മാഗസിൻ കുറെയേറെ നോവുകളുടെ പര്യന്ത സുഖമാണ്‌. മുഷിഞ്ഞ കാത്തിരിപ്പിന്റേയോ ഉപേക്ഷിച്ചു പോകാമെന്ന തലത്തിലെത്തിയ കടുത്ത വൈഷമ്യത്തിന്റെയോ ഒക്കെ അറുതി ഇപ്പോൾ ശുഭകരമായിമായിരിക്കുന്നു. ഒരിക്കൽ മാത്രം ഒരു നേരത്ത്‌ സംഭവിച്ച ആകസ്മികതക്ക്‌ ഇത്ര ആസ്വാദ്യത കിട്ടില്ല. സഹനത്തിന്റെ അങ്ങേയറ്റത്തെ നിലവാരപ്പൊലിമക്കനുസരിച്ച്‌ മനസ്സുഖത്തിന്റെ മാറ്റും വർദ്ധിക്കും. ഒരു കുഞ്ഞ്‌ ജനിക്കുന്നതിന്‌ പിന്നിലെ സന്തോഷം വേദനയിൽ നിന്നു തന്നെയല്ലേ? വേദനിക്കുമ്പോൾ ആഹ്ളാദിക്കുന്നതും വേദന വന്നില്ലെങ്കിൽ മനസ്സു വേവുന്നതും കരയുമ്പോൾ സമാധാനമാകുന്നതും ലോകത്ത്‌ കുഞ്ഞിന്റെ ജനന സമയത്ത്‌ മാത്രമാണ്‌. ഇത്തരം വേദനകളെ താലോലിക്കുമ്പോഴേ ന?യിലും ചിരിയിലുമൂന്നിയ ഫലസിദ്ധി സാർഥകമാകുന്നുള്ളൂ. മനുഷ്യജീവിത സങ്കല്പത്തിന്റെ ആത്യന്തിക തലം തന്നെ ഈ സുഖാസ്വാദനമാണ്‌. ആത്മീയ ആലോചനയിലും അവസാനിക്കാത്ത ഒരു സ്വർഗീയതയെത്തേടിയുള്ള യാത്ര കാണാം. നോവുകളുടേയും ബന്ധനങ്ങളുടേയും രീതിശാസ്ത്രമാണ്‌ ഭൗതിക ലോകത്തിലനുവദിച്ച ഈ വിശ്രമസമയമെന്ന്‌ വരെ പാഠങ്ങളുണ്ട്‌. ഒരു പ്രയാസത്തിനോടൊപ്പം എളുപ്പമുണ്ടാകുമെന്നും ഖുർആൻ പകർന്നു തരുന്നുണ്ട്‌. പ്രതിപ്രവർത്തനമോ അനന്തരഫലമോ ആയ നിലയിൽ പകരത്തിനു പകരം സംഭവിക്കുന്ന യാന്ത്രികതയാണീ മാറ്റങ്ങളെന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ വയ്യ. മറിച്ച്‌ ചിലനോവുകൾക്ക്‌ ഗോചരമായതോ അനുഭവവേദ്യമായതോ ആയ സുഖങ്ങൾ കണ്ടില്ലെന്ന്‌ വരുന്നത്‌ അങ്ങനെയാണ്‌. അല്ലെങ്കിൽ ചിലർ ബാഹ്യത്തിൽ സുഖിച്ചുകൊണ്ടേയിരിക്കുന്നു എന്നു കരുതാനിടയാക്കുന്നതും ഈ സംതുലിതത്തിന്റെ അർത്ഥതലം ഉൾക്കൊള്ളാൻ കഴിയാത്തുമ്പോഴാണ്‌.
ഇത്തരം ഉള്ളുരുക്കങ്ങളുടെ മൂശയിൽ ഉരിത്തിരിഞ്ഞെടുക്കപ്പെടുന്നതാണ്‌ ഒരു സർഗ സൃഷ്ടി എന്നു പറയുന്നത്‌. ഇവ ഒരിക്കലും ഉണ്ടാവുന്നില്ല അല്ലെങ്കിൽ വാർത്തക്കപ്പെടുന്നുമില്ല എന്നു അഭിപ്രായമുയരാൻ കാരണവും ഈ ഉയിരാണ്‌. മനസ്സുകത്തലിനെത്ര വെളിച്ചം കൂടുന്നുവോ അത്രയും തെളിച്ചം പുറത്തുവരുന്ന സൃഷ്ടിക്കും കൈവരും. ചില ഊശാൻ മാരൊക്കെ പത്തു മാസത്തിനുപകരം ഇരുപതോ മുപ്പതോ മാസം വയറ്റിൽ കിടന്നു പുറത്തിറങ്ങിയിരുന്നെങ്കിൽ കാലത്തെ വശം കെട്ടതാക്കാൻ ആളു കുറഞ്ഞേനേ എന്ന്‌ ആശിച്ചാലൊക്കെ നന്നു, ഇവനെ പേറി നടക്കുന്ന പേറ്റുകാരത്തിയുടെ നാളുകൾ ചുവക്കുന്നത്‌ വായിക്കാനാവണം. കടുത്ത ഫലമാണ്‌ ലഭിക്കുന്നതെങ്കിലും നോവിന്റെ കാലഗണന അപ്രസകതമാകും, അമ്മയെത്ര അപലയാണെന്നിരുന്നാലും അങ്ങനെത്തന്നെ. സഹിയുടെ സഹ്യനെ സ്വപനം കാണാത്തവനെങ്ങനെ ഇത്തരമൊരു നല്ല ഫലം നെയ്തെടുക്കാനാവും.
ഒരു കലാ സൃഷ്ടി പിറക്കുമ്പോൾ ഒന്നല്ല ഒരായിരമല്ല അവ ഉപയുക്തമാക്കുന്നത്രയും ജനനം നടക്കുന്നുണ്ട്‌. ഞാനെന്റെ കവിത എഴുതുന്നു, നിങ്ങൾ നിങ്ങളുടെ കവിത വായിക്കുന്നു എന്നു പറയുന്നത്‌ അത്‌ കൊണ്ടാണ്‌. ഉൾക്കാമ്പും ഇതിവൃത്തവും വരച്ചിടാനേ എനിക്കൊക്കൂ. വായനക്കാർക്കാണ്‌ അതിൽ സൃഷ്ടി നടത്താനുള്ള കഴിവുള്ളതെന്ന്‌ പ്രഗത്ഭമതിൾ അടിയറവു പറയുന്നതും ചെറുതാവലല്ല. വാനനയുടെ സൃഷ്ടിപരത വരച്ചിട്ട്‌ തരുകയാണ്‌.
സ്നേഹം കമ്പിയും ഉപമയുമായി വരച്ചിടുന്നതിനെ സ്നേഹത്തിന്റെ അർത്ഥതലങ്ങളിലേക്കെത്തിക്കുന്നത്‌ വായനക്കാരാണ്‌. കാലത്തെ മുന്നോട്ടും പിന്നോട്ടും പലയാവർത്തി നയിക്കാനും ഒപ്പം നിലക്കാനും ഒരേ സമയം സാധ്യമാകുന്ന മാധ്യമം വായന തന്നെ. ഓരോ വായനയിലും എഴുത്തിന്റെ പങ്ക്‌ അനിർവ്വചനീയമല്ലോ. ചലിക്കുന്ന ചിത്രത്തേക്കാൾ തലമുറകളോട്‌ വാചാലമാകുന്നത്‌ നിശ്ചല ദൃശ്യങ്ങളാണെന്നതിൽ പക്ഷാന്തരമില്ല. ചലിക്കുന്നവക്ക്‌ കൂടെപ്പോരാൻ കഴിയില്ല, മറിച്ച്‌ അനുവാചകർ ഒപ്പം സഞ്ചരിച്ചിരിക്കണമെന്ന നിർബന്ധമുണ്ട്‌. അച്ചടിക്ക്‌ അങ്ങനെയല്ല നാം ഒപ്പം പോയാലും ഇല്ലെങ്കിലും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നതാണ്‌. ഞൊടിയിടയിൽ വേണമെങ്കിൽ അങ്ങനെയും അർദ്ധവിരാമത്തിനവസരമെത്തിയാൽ അതിനും സമ്മതമാണ്‌ നിശ്ചലത്തിന്‌. വായനയുടെ ഉള്ളുണർത്തൽ അനുവാചകനെ പരിഗണിച്ചാണെന്ന്‌ ഇതിൽ നിന്ന്‌ നമുക്ക്‌ സംഗ്രഹിക്കാം.
ചില പര്യവസാനിക്കാത്ത നോവുകളും സർഗ രംഗത്ത്‌ സംഭവ്യമാണ്‌. പേറാൻ മാത്രം പാകതയും പെറാൻ ത്രാണിയുമില്ലാത്തതിനാലാണ്‌ ഇത്‌ എന്ന്‌ നിഗമനത്തിലെത്താൻ വരട്ടെ, വരാത്ത സൃഷ്ടിയുടെ മൂർച്ചയാണെന്ന കണ്ടെത്തലാണ്‌ അഭികാമ്യം. ഒരു കൂട്ടർ നീറാനും അപരർ ആസ്വദിക്കാനും മാത്രമുള്ളതാണെന്നത്‌ മിഥ്യയാണ്‌. അകം പൊള്ളലുകളും ജീവിതത്തിനായുള്ള ജനനവും സംഭവിച്ചവർക്ക്‌ ഈ വിഷയത്തിൽ സാധനവേണ്ടതുണ്ട്‌. കൂലിയെഴുത്തെന്നൊക്കെ കളിപ്പേരിട്ടാലും പേനയുന്തിയെന്നിരട്ട വിളിച്ചാലും മഷി വറ്റാത്തിടത്തോളം നോവുകൾ പെരുകും, സൃഷ്ടികൾ ജനിക്കും.
വിയർ ക്കുന്നവനും മണ്ണിന്റെ മണമുള്ളനും മാത്രം വഴങ്ങുന്ന തൊഴിൽ എന്നൊരു ഖ്യാതി സർഗ പ്രവർത്തനത്തിനു അനുഭവങ്ങൾ വേണമെന്ന നിദാനത്തിൽ ഉടക്കിയാണ്‌ ലഭിച്ചത്​‍്‌. അനുഭവങ്ങളെപ്പകർത്തുമ്പൊഴാണല്ലാ മനസ്സിന്റെ വിങ്ങലുകളോ സുഖങ്ങളോ കടലാസിനു ഇമ്പം നൽകുന്നുള്ളൂ.
വേഷപ്പകർച്ചകളേയും പരീക്ഷണങ്ങളേയും ഈ രംഗത്തും കാണാതിരുന്നു കൂടാ. ലക്ഷ്യം ധർമ്മമാകുമ്പോഴേ കലക്ക്‌ മൂല്യം വരുന്നുള്ളൂ. കലാ മുഖത്തെ വികൃതമാക്കി സത്യത്തെ മറക്കുന്നവർക്ക്‌ മാർഗമേതായാലും പശിയടങ്ങാനുള്ളതൊത്താൽ മതിയെന്ന ലാഘവം കാണാം. വിവിധ ശാഖകളിൽ വെളിച്ചം കാണാൻ കാത്തിരിക്കുന്ന പിന്നണി പ്പെരുമ നാം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പേനെയേടുക്കുക,. ഒരു സർഗനോവ്‌ പേറാൻ.